വീണ്ടും സ്മാർട്ടായി സർക്കാർ ആശുപത്രികൾ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളില്‍ ഒപിക്ക് ശേഷം ‘കോള്‍ ഡ്യൂട്ടി’ ഡോക്ടര്‍മാരെത്തും ; രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ ഒപി
തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലോക്ക്തല സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിച്ചു. ആര്‍ദ്രം മിഷന്റെ ഭാഗമായി പിഎച്ച്സികള്‍ എഫ്എച്ച്സികളാകുകയും -ജനറല്ജില്ലാ-താലൂക്ക് ആശുപത്രികളില്‍ ഹൈടെക് സേവനങ്ങള്‍ ലഭ്യമാക്കുകയുംചെയ്ത പശ്ചാത്തലത്തിലാണ് സിഎച്ച്സികളിലെ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നത്.
ഡോക്ടര്‍മാര്‍ കൂടും
സിവില്‍സര്‍ജന്‍ സ്ഥാപന മേധാവിയാകും. കൂടാതെ അസി. സര്ജന്- 4, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്- പീഡിയാട്രീഷന്‍-1, ഫിസിഷ്യന്‍- 1, അസിസ്റ്റന്റ് ഡെന്റല്‍ സര്ജന്- 1 എന്നിങ്ങനെ ഡോക്ടര്‍മാരുണ്ടാകണം. കൂടാതെ 10 സ്റ്റാഫ് നേഴ്സുണ്ടാകും. ഫാര്‍മസിസ്റ്റ്- 2, ലബോറട്ടറി ടെക്നീഷ്യന്- 2, ലബോറട്ടറി അറ്റന്‍ഡന്റ്- 1, ഒപ്റ്റോമെറ്റിസ്റ്റ്- 1, റേഡിയോഗ്രാഫര്‍-1, നേഴ്സിങ് അസിസ്റ്റന്‍ഡ്- 4, ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍- 6, ക്ലര്‍ക്ക്- 2, ഡ്രൈവര്‍- 1, ഓഫീസ് അറ്റന്‍ഡന്റ്- 1 എന്നിങ്ങനെ തസ്തികകള്‍ വര്‍ധിക്കും.
പാര്‍ടൈം സ്വീപ്പര്‍, പബ്ലിക് ഹെല്‍ത്ത് നേഴ്സ് സൂപ്പര്‍വൈസര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകളും ഉണ്ടാകും.
കിടത്തി ചികിത്സ കൂട്ടും
ഒപി സമയത്തിനുശേഷം ‘കോള്‍ ഡ്യൂട്ടി’ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. രാവിലെ 9 മുതല്‍ വൈകിട്ട് ആറ് വരെയാകും ഒപി സമയം. ഞായറാഴ്ച ഒപി പകല്‍ 1.30 വരെയും. ലബോറട്ടറി സേവനം രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ ലഭ്യമാകും. ഫാര്‍മസി സേവനങ്ങള്‍ ഒപി സമയം മുഴുവന്‍ ലഭ്യമാക്കും.
ഗാര്‍ഹിക പീഡനം തടയല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, പോക്സോ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ മെഡിക്കോ ലീഗല്‍ സേവനങ്ങളും മദ്യലഹരിയുടെ അളവ് നിര്‍ണയിച്ചുള്ള സര്‍ട്ടിഫിക്കറ്റും നല്‍കണം.
മറ്റു പ്രധാന സേവനങ്ങള്‍
. പാലിയേറ്റീവ് കെയര്‍
. പുനരധിവാസം
. -കൂടുതല്‍ രോഗനിര്‍ണയ ഉപകരണങ്ങള്‍
. പൊതുജനാരോഗ്യ പരിപാടികളുടെ ഏകോപനം
. മാനസിക രോഗികള്‍ക്ക് ഡേ കെയര്‍
. തിരക്ക് കുറയ്ക്കാന്‍ ടോക്കണ്‍ സംവിധാനം
. അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പ്രത്യേക പരിചരണം
. ജീവിത ശൈലീ രോഗചികിത്സ