കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പോലീസ് റെഡി .ജാഗ്രതൈ
തിരുവനന്തപുരം: കോവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ മുഴുവൻ പോലീസ് സേനാംഗങ്ങളും രംഗത്തിറങ്ങും. ഫെബ്രുവരി 10 വരെയാണ് ഈ ക്രമീകരണം. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സബ്ഡിവിഷൻ ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി.
ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയ്ക്ക് ആണ് സംസ്ഥാനത്തെ നിയന്ത്രണങ്ങളുടെ ചുമതല. ജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനായിയിരിക്കും മുൻഗണന. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പു വരുത്തും. ആവശ്യമുള്ള സ്ഥലങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ആവശ്യമുള്ളപക്ഷം സ്പെഷ്യൽ യൂണിറ്റുകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ജില്ലാ പോലീസ് മേധാവിമാർക്ക് വിനിയോഗിക്കാവുന്നതാണ്. ബറ്റാലിയൻ ഉദ്യോഗസ്ഥരുടെ സേവനവും തേടാം.
സെക്ടറൽ മജിസ്ട്രേറ്റുമാർ ഉള്ള സ്ഥലങ്ങളിൽ പോലീസ് അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കും. ഹൈവേ പട്രോൾ, കൺട്രോൾറൂം വാഹനങ്ങൾ, മറ്റ് പോലീസ് വാഹനങ്ങൾ എന്നിവയും രംഗത്തുണ്ടാവും. സംസ്ഥാന പോലീസ് മേധാവിയുടെയും വിവിധ ജില്ലകളിലെയും പോലീസ് കൺട്രോൾ റൂമുകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ഒഴിവാക്കാനാവാത്ത കാരണങ്ങൾക്ക് മാത്രമേ ഇക്കാലയളവിൽ അവധി അനുവദിക്കൂ. നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ സ്വന്തം സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചിട്ടുണ്ട്.