കാഞ്ഞങ്ങാട്: പെരിയയിലെ കേരള കേന്ദ്ര സർവ്വകലാശാലയ്ക്കു വേണ്ടി മൂന്നാംകടവ് പുഴക്ക് സമീപം നിര്‍മിച്ച ടാങ്കില്‍ കുടുങ്ങി ശ്വാസം മുട്ടി വീണ നാല് തൊഴിലാളികളെ നാട്ടുകാര്‍ രക്ഷപെടുത്തി. യൂണിവേഴ്സിറ്റിയിലേക്ക് വെള്ളം എത്തിക്കുന്നതിന് വേണ്ടി ഒരു വര്‍ഷം മുമ്പ് നിര്‍മിച്ച ടാങ്കിന്റെ അവസാന മിനുക്കി പണികളൊക്കെ കഴിഞ്ഞു 100 അടിക്കടുത്ത് താഴചയുള്ള വെള്ളത്തില്‍ ഇറങ്ങി വൃത്തിയാക്കാന്‍ ഇറങ്ങിയ നാല് ബംഗാളി തൊഴിലാളികളാണ് ശ്വാസം മുട്ടി ഏറ്റവും അടിത്തട്ടിലേക്ക് വീണത്.
ഓടികൂടിയ നാട്ടുകാര്‍ ആണ് ടാങ്കില്‍ ഇറങ്ങി രക്ഷപെടുത്തിയത്. അതിനിടയില്‍ രക്ഷപെടുത്താന്‍ ഇറങ്ങിയ നാല് പേര്‍ക്കും ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത് വലിയ പരിഭ്രാന്തി പരത്തി. കുറ്റിക്കോലില്‍ നിന്നും ഫയര്‍ ഫോഴ്സും ബേക്കല്‍ പോലീസും എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. രക്ഷകരായ മോഹനന് കൂവാര, കണ്ണന് കൂവാര, മണികണ്ഠന് മിന്നംകുളം, റഷീദ് പെരിയത്ത് എന്നിവരെ നാട്ടുകാരും പോലീസും അഭിനന്ദിച്ചു.