തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ വാഹന പ്രചാരണ ജാഥകളോ ശബ്ദകോലാഹലമോ സൃഷ്ടിച്ചാൽ നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം. സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദേശം നൽകിയത്.
പല പ്രചാരണ ജാഥകളും ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും, അനുവദനീയമായതിലും അധികം ശബ്ദത്തിൽ കാതടപ്പിക്കുന്ന രീതിയിലാണ് പല വാഹനങ്ങളിലും പ്രചാരണം നടത്തുന്നതെന്നും പൊതുജനങ്ങളിൽ നിന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് നിർദേശം.
ഇക്കാര്യം കൃത്യമായി പരിശോധിക്കാനും നിയമവിധേയമല്ലാതെ പ്രചാരണം പാർട്ടികളോ സ്ഥാനാർത്ഥികളോ നടത്തിയാൽ നടപടിയെടുത്ത് റിപ്പോർട്ട് നൽകാനുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്.