ആര്.എസ്.എസ് പതിപ്പായ ജമാഅത്തെ ഇസ്ലാമിയെ ലീഗ് കൂട്ടുപിടിക്കുന്നതിനോടാണ് വിമര്‍ശനം;വിജയരാഘവനെ ശരിവെച്ച് പി. ജയരാജന്
കണ്ണൂർ : യു.ഡി.എഫ് പാണക്കാട്ടെ തങ്ങളെ കാണാന്‍ പോകുന്നതിലല്ല ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്നതിലാണ് പ്രശ്നമെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്. യു.ഡി.എഫ് ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘യു.ഡി.എഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതാക്കള്‍ പാണക്കാട്ടെ തങ്ങളെ കാണുന്നത് പ്രധാനമല്ല. പാണക്കാട് തങ്ങളുടെ അടുത്ത് ആര്‍ക്കും പോകാം. പക്ഷെ ലീഗ് വഴിയാണ് ആര്.എസ്.എസിന്റെ ഇസ്ലാമിക പതിപ്പായ ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് എന്നതാണ് പ്രധാനം,’ ജയരാജന് പറഞ്ഞു.
ലീഗ് അടുത്തിടെ നടത്തുന്ന ശ്രമങ്ങള്‍ ജമാഅത്തെ ഇസ്ലാമിയെപോലെയുള്ള വികസന വിരുദ്ധ ശക്തികളെ കൂട്ടുപിടിച്ച് കൊണ്ടുള്ളതാണ്. അതിനെയാണ് സി.പി.ഐ.എം വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശീയ ഉപതെരഞ്ഞെടുപ്പ് നടന്ന തില്ലങ്കേരി ഡിവിഷനില്‍ നാലായിരത്തിലേറെ വോട്ട് യു.ഡി.എഫിന് കുറഞ്ഞിട്ടുണ്ട്. 2004 വോട്ട് ബി.ജെ.പിക്കും കുറഞ്ഞിട്ടുണ്ട്. പോളിംഗ് ശതമാനം 77ല്‍ നിന്ന് 66 ആയതാണ് ഈ രണ്ട് ശക്തികള്‍ക്കും വോട്ട് കുറയാന്‍ കാരണം. അല്ലാതെ ബി.ജെ.പി- സി.പി.ഐ.എം കൂട്ടുകെട്ടല്ല എന്നും പി. ജയരാജന് പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്.എസ്.എസ് അജണ്ട വിജയിക്കും എന്ന ഭീതി പരത്തി വോട്ടുകൂട്ടാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നതെന്നും ജയരാജന് പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ പോയതില്‍ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് രംഗത്തെത്തിയിരുന്നു.
ലീഗ് മതാധിഷ്ഠിത പാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച വിജയരാഘവന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ട് എത്തിയത് മതമൗലികവാദ കൂട്ടുകെട്ടിനാണ് എന്നായിരുന്നു ആരോപിച്ചത്.