യുഡിഎഫിന് പ്രഹരമേൽപ്പിച്ച് കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ഇടതുമുന്നണിയിലേക്ക്;സ്ഥിരീകരിച്ച് സ്കറിയ തോമസ്അനൂപിനെ തള്ളാതെ മന്ത്രി ജയരാജൻ
കോട്ടയം; തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എൽഡിഎഫിലേക്കുള്ള മുന്നണിമാറ്റം യുഡിഎഫിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ഉരുക്ക് കോട്ടകൾ എന്ന് കണക്കാക്കുന്ന മണ്ഡലങ്ങളിൽ പോലും യുഡിഎഫിന് അടിതെറ്റി. ഇതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് മുന്നണി വിപുലീകരിച്ച് എൽഡിഎഫിന് മറുപടി കൊടുക്കാനാണ് യുഡിഎഫ് നീക്കം.
അതിനിടെ യുഡിഎഫിന് വീണ്ടും തിരിച്ചടി നൽകി മറ്റൊരു കക്ഷി കൂടി യുഡിഎഫ് വിടാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഉടൻ ഇടതുമുന്നിയിൽ എത്തുമെന്നാണ് വിവരം.
നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവെ യുഡിഎഫിനെ ദുർബലപ്പെടുത്താനുള്ള സകല തന്ത്രങ്ങളും പുറത്തെടുത്തിരിക്കുകയാണ് എൽഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫിൽ നിന്ന് പ്രബലരായ രണ്ട് കക്ഷികൾ ഇടതുമുന്നണിയിലെത്തിയിട്ടുണ്ട്.
ഉടൻ തന്നെ കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും ഇടതുമുന്നണിയുടെ ഭാഗമാകുമെന്ന് വെളിപ്പെടുത്തുകയാണ് സ്കറിയ തോമസ്.
അനൂപ് ജേക്കബിനെ മുന്നണിയിൽ എത്തിക്കുന്നതിനുള്ള ചർച്ചകൾ യാക്കോബായ സഭ ഇടപെട്ട് നടന്നതായി സ്കറിയ തോമസ് വ്യക്തമാക്കി.സെമിത്തേരി ബിൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യാക്കോബായ സഭ ഇടത് സർക്കാരിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. സഭയുടെ ശക്തി കേന്ദ്രമായ പിറവം സീറ്റിനെ കേന്ദ്രീകരിച്ചാണ് എൽഡിഎഫിലേക്കുള്ള മുന്നണി മാറ്റ ചർച്ചകൾ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്.
പാർട്ടി സ്ഥാപകനായ ടിഎം ജേക്കബ് 1991 മുതൽ മത്സരിക്കുന്ന മണ്ഡലമാണ് എറണാകുളം ജില്ലയിലെ പിറവം. ടിഎം ജേക്കബിന്റെ മരണത്തെ തുടര്‍ന്ന് 2012 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പിറവത്ത് നിന്ന് ആദ്യമായി അദ്ദേഹത്തിന്റെ മകന് അനൂപ് ജേക്കബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2016 ലും അനൂപ് തന്നെയായിരുന്നു മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചത്.
സിപിഎമ്മിലെ എംജെ ജേക്കബിനെ 6195 വോട്ടുകള്‍ക്കായിരുന്നു അനൂപ് ജേക്കബ് പരാജയപ്പെടുത്തിയത്. അനൂപ് ജേക്കബ് 73770 വോട്ടുകൾ നേടിയപ്പോൾ എംജെ ജേക്കബിന് 67575 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പിറവത്ത് അനൂപ് ജേക്കബിന് കാര്യങ്ങൾ എളുപ്പമായേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.
ജോണി നെല്ലൂർ പാർട്ടി വിട്ടതും യാക്കോബായ സമുദായത്തിന്റെ നിലപാടുമാണ് ജേക്കബ് വിഭാഗത്തിനെ ആശങ്കപ്പെടുത്തുന്നത്.
കേരള കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ ജോണി നെല്ലൂര്‍ ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് പാര്‍ട്ടി വിട്ട് പിജെ ജോസഫ് പക്ഷത്തേക്ക് പോയത്.. ജോസഫ് പക്ഷത്തെത്തിയ ജോണി നെല്ലൂര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്നും കൂടുതല്‍ നേതാക്കളെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനുണ്ട്.
ഇതിനിടെ പാർട്ടി പിറവം സീറ്റ് കൂടാതെ ഒരു സീറ്റ് അധികമായി വേണമെന്ന ആവശ്യം യുഡിഎഫിൽ ഉന്നയിച്ചിരുന്നു. ജോസ് കെ മാണി വിഭാഗം വിട്ട് പോയ സാഹചര്യത്തിൽ തങ്ങൾക്കും ഒരു സീറ്റ് അധികമായി നേടാനുള്ള അർഹതയുണ്ടെന്നാണ് ജേക്കബ് വിഭാഗം വ്യക്തമാക്കുന്നത്. അങ്കമാലി സീറ്റാണ് അധികമായി ജേക്കബ് വിഭാഗം യുഡിഎഫിൽ ആവശ്യപ്പെട്ടത്.
ജേക്കബ് വിഭാഗത്തിന് അധികമായി സീറ്റ് നൽകാൽ യുഡിഎഫ് തയ്യാറാകില്ലെന്ന് കണ്ടായിരുന്നു ജോണി നെല്ലൂർ ഉൾപ്പെടെയുള്ള ഒരു വിഭാഗം യുഡിഎഫിലേക്ക് ചേക്കേറിയത് എന്നത് കൊണ്ട് തന്നെ സീറ്റ് നേടിയെടുക്കുകയെന്നത് ജേക്കബ് വിഭാഗത്തെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. എന്നാൽ ശക്തി ക്ഷയിച്ച ജേക്കബ് വിഭാഗത്തിന് കൂടുതൽ സീറ്റ് നൽകേണ്ടെന്ന നിലപാടിലാണ് യുഡിഎഫ്.
ഇതോടെ അവഗണന സഹിച്ച് മുന്നണിയിൽ തുടരുന്നതിനേക്കാൾ എൽഡിഎഫിന്റെ ഭാഗമാകണമെന്ന നിർദ്ദേശമാണ് ജേക്കബ് വിഭാഗത്തോട് സഭ ഉൾപ്പെടെ നിർദ്ദേശിക്കുന്നതെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ജേക്കബ് വിഭാഗത്തെ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ജോസ് കെ മാണി ഇടനിലക്കാരായാണ് ചർച്ചകൾ എന്നായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അനൂപ് ജേക്കബുമായുള്ള ചർച്ചകൾ എന്നാണ് മന്ത്രി ഇപി ജയരാജന്റെ വാക്കുകളും വ്യക്തമാക്കുന്നത്.
ജേക്കബ് വിഭാഗം എത്തിയാൽ ഇടതുമുന്നണിക്ക് കീഴിൽ കേരള കോൺഗ്രസ് ഒന്നിക്കാനുള്ള സാധ്യതയും സ്കറിയ തോമസ് തള്ളിക്കളയുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഇടതുനേതൃത്വവുമായി ചർച്ച നടത്തിയെന്ന വാർത്തകൾ നിഷേധിച്ച് അനൂപ് ജേക്കബ് തന്നെ രംഗത്തെത്തി. ഇപ്പോൾ തങ്ങൾ യുഡിഎഫിലാണെന്ന് അദ്ദേഹം പറഞ്ഞു.
യുഡിഎഫിൽ ഇപ്പോൾ സീറ്റ് ചർച്ചകൾ പുരോഗമിക്കുകയാണ്. അന്തിമമായി തിരുമാനങ്ങൾ ഇക്കാര്യത്തിൽ ഉണഅടയിട്ടില്ല. സ്കറിയ തോമസ് എന്തിനാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കേണ്ടി വരുമെന്ന് അനൂപ് പറഞ്ഞു.