കാസർകോട്ടെ ആയുര്‍വേദ ആസ്പത്രി സ്മാർട്ടാകും വികസനത്തിന് പച്ചക്കൊടി വീശി നഗരസഭ, വഴിമുടക്കിയ വൈദ്യുതിത്തൂണും ട്രാന്‍സ്ഫോര്‍മറും മാറ്റും
കാസര്‍കോട്:അണ ങ്കൂറിലെ താലൂക്ക് ആയുര്‍വേദ ആസ്പത്രി വികസനത്തിന് വിലങ്ങുതടിയായിരുന്ന വൈദ്യുതത്തൂണും ട്രാന്‍സ്ഫോര്‍മറും മാറ്റിസ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് കെ.എസ്.ഇ.ബി. നഗരസഭയ്ക്ക് സമര്‍പ്പിച്ചു. ആസ്പത്രി സ്ഥലത്തുകൂടെ കടന്നുപോകുന്ന റോഡിന് പകരം കണ്ടെത്തിയ സ്ഥലത്തെ ട്രാന്‍സ്ഫോര്‍മറും വെദ്യുതത്തൂണുകളും മാറ്റുന്നതിനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. മൂന്ന് തൂണുകളും ഒരു ട്രാന്‍സ്ഫോര്‍മറും മാറ്റിസ്ഥാപിക്കാന്‍ ആറുലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്..
എസ്റ്റിമേറ്റ് കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. തുക കെ.എസ്.ഇ.ബി.യില്‍ കെട്ടിവെച്ചാല്‍ തൂണുകള്‍ മാറ്റാനുള്ള ജോലി ആരംഭിക്കാനാകും. അതേസമയം നഗരസഭാ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി സ്ഥലംമാറിയതിനാല് പുതിയ സെക്രട്ടറി സ്ഥാനമേറ്റ ശേഷം മാത്രമേ തുടര്നടപടികളുണ്ടാവുകയുള്ളൂ. ഫെബ്രുവരി ആദ്യവാരം പുതിയ സെക്രട്ടറി ചുമതലയേല്‍ക്കുമെന്നാണ് സൂചന.
പുതിയ റോഡിനുള്ള ടെന്‍ഡര്‍ നടപടികളടക്കം പൂര്‍ത്തിയായിരുന്നെങ്കിലും സ്ഥലത്തെ വൈദ്യുതത്തൂണുകളാണ് പ്രശ്നമായത്. ഇത് മാറ്റാന്‍ നഗരസഭ കെ.എസ്.ഇ.ബി. കാസര്‍കോട് സര്‍ക്കിള്‍ എക്സ്ക്യുട്ടീവ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തൂണുകള്‍ എങ്ങോട്ട് മാറ്റിസ്ഥാപിക്കുമെന്നതിലെ വ്യക്തതക്കുറവാണ് തുടര്‍നടപടികള്‍ മാസങ്ങളോളം വൈകിയത്. അതോടൊപ്പം തദ്ദേശ തിരഞ്ഞെടുപ്പും വന്നതോടെ തുടര്‍നടപടികള്‍ നീളുകയായിരുന്നു.
സ്ഥലസൗകര്യം ഇല്ലാത്തത് അണങ്കൂരിലുള്ള താലൂക്ക് ആയുര്‍വേദ ആസ്പത്രി വികസനം മുടങ്ങിയിരുന്നു. ആസ്പത്രിക്ക് 60 സെന്റ് സ്ഥലം ഉണ്ടായിരുന്നെങ്കിലും ഉദ്ഘാടനസമയത്ത് 10 സെന്റ് സ്ഥലം പുറത്താക്കിയാണ് മതില് നിര്‍മിച്ചത്. ഇത് നാട്ടുകാര്‍ റോഡായി ഉപയോഗിച്ചതോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ പ്രയാസമായി. ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടയുകയും കോടതിയെ സമീപിച്ച് പുതിയ റോഡ് നിര്മിച്ചുനല്കിയശേഷം മാത്രമേ റോഡായി ഉപയോഗിക്കുന്ന ആസ്പത്രിയുടെ സ്ഥലം ഏറ്റെടുക്കാന്‍ പാടുള്ളു എന്ന ഉത്തവ് നേടിയെടുകയും ചെയ്തു.
ഇതിനുശേഷമാണ് റോഡിന് നഗരസഭ കരാര്‍ നല്‍കിയത്. അഞ്ചുലക്ഷം രൂപയാണ് റോഡിനായി നഗരസഭ വകയിരുത്തിയിട്ടുള്ളത്.