മലപ്പുറത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ വരും, ലീഗിനെ അമ്പരപ്പിക്കും: മന്ത്രി ജലീല്‍ വാർത്തയുമായി മനോരമ ന്യൂസ്.
മലപ്പുറം: ഇപ്രാവശ്യവും മുസ്ലീം ലീഗ് ക്യാംപിനെ ഞെട്ടിച്ചുകൊണ്ട് മലപ്പുറം ജില്ലയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികള്‍ രംഗപ്രവേശം ചെയ്യുമെന്ന് മന്ത്രി കെ.ടി. ജലീല്‍ മനോരമ ന്യൂസിനോട്. സിപിഎം തീരുമാനമെടുത്താല്‍ താനടക്കമുളള ജില്ലയിലെ നിലവിലെ ഇടത് എംഎല്‍എമാരെല്ലാം മല്‍സരിച്ചേക്കുമെന്നും കെ.ടി. ജലീല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്, മുസ്ലീംലീഗ് ക്യാംപുകള്‍ വിട്ടു വരുന്നവരെ അപ്രതീക്ഷിത സ്ഥാനാര്‍ഥികളാക്കിയാണ് കഴിഞ്ഞ കാലങ്ങളിലൊക്കെ ഇടതുപക്ഷം മലപ്പുറത്ത് മുന്നേറ്റം നടത്തിയത്. സമാനമായി രീതിയില്‍ ഇപ്രാവശ്യവും ലീഗിനെ അമ്പരപ്പിച്ചുകൊണ്ട് പൊതുസ്വീകാര്യതയുളള സ്ഥാനാര്‍ഥികളുണ്ടാവും.
നിലവില്‍ മലപ്പുറത്ത് ഇടതുപക്ഷം ജയിച്ച നിലമ്പൂര്‍, താനൂര്‍, തവനൂര്‍, പൊന്നാനി മണ്ഡലങ്ങള്‍ സുരക്ഷിതമാണ്. നല്ല സ്ഥാനാര്‍ഥികള്‍ എത്തുന്നതോടെ കൂടുതല്‍ മണ്ഡലങ്ങള്‍ പിടിക്കാനാവുമെന്നാണ് പ്രതീക്ഷ.
താന്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സിപിഎമ്മാണ്. എങ്കിലും അധ്യാപനത്തിലേക്ക് മടങ്ങി പോവണമെന്ന തന്റെ ആഗ്രഹം സിപിഎം നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും കെ.ടി. ജലീല്‍ പറഞ്ഞു.