ഡോളര്‍ കടത്ത് കേസ്; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെനോട്ടീസ് നൽകാതെ വിളിച്ചുവരുത്തി കസ്റ്റംസ്
മൊഴിയെടുക്കും
കൊച്ചി: വിദേശ ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായാണ് മൊഴിയെടുക്കുക. സ്പീക്കര്‍ക്കെതിരെയുളള പ്രതികളുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് കസ്റ്റംസ് നീക്കം.ഗള്‍ഫ് വിദ്യാഭ്യാസ മേഖലയില്‍ സ്പീക്കര്‍ക്ക് നിക്ഷേപമുണ്ടെന്നാണ് പ്രതികളുടെ മൊഴി. കേസില്‍ സ്പീക്കറുടെ സുഹൃത്ത് നാസ് അബ്ദുളളയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസിന്റെ പേരിലുളള സിം സ്പീക്കര്‍ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഈ സിമ്മില്‍ നിന്ന് സ്പീക്കര്‍ പ്രതികളെ വിളിച്ചിരുന്നെന്നും കസ്റ്റംസ് കണ്ടെത്തിയതായാണ് വിവരം. നയതന്ത്ര കളളക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിം പിന്നീട് ഉപയോഗിച്ചിട്ടില്ലെന്നും കസ്റ്റംസ് പറയുന്നു.നേരത്തെ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സ്പീക്കര്‍ ഈ സിം ഉപയോഗിച്ചതായി സമ്മതിച്ചിരുന്നു. സിം കാര്‍ഡ് എടുക്കുമ്പോള്‍ തന്റെ കൈവശം തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് നാസിന്റെ പേരിലുളള തിരിച്ചറിയാല്‍ കാര്‍ഡ് ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തതെന്നുമാണ് സ്പീക്കര്‍ അഭിമുഖത്തില്‍ പറഞ്ഞത്. തന്റെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സിം ഉപയോഗിക്കുന്നതെന്നും ഒരു പക്ഷേ സ്വപ്ന ഉള്‍പ്പടെയുളള പ്രതികളെ താന്‍ വിളിച്ചിട്ടുണ്ടാകാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.അട്ടക്കുളങ്ങര ജയിലില്‍ വച്ച് സ്വപ്ന സുരേഷ് നല്കിയ മൊഴിയില്‍ ഭരണഘടനാപദവി വഹിക്കുന്നവര്‍ക്കും പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞിരുന്നു. ഇതിന് ശേഷം മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയെടുത്തപ്പോഴും സമാനമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്. കസ്റ്റംസ് ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തി. ഈ മൊഴികളാണ് സ്പീക്കര്‍ക്കെതിരെ നിര്‍ണായകമായി മാറിയത്.