റഫീഖിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മകന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി
കാസര്‍കോട്: ഈ മാസം 23ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിക്ക് സമീപം വെച്ച് ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ സി.എച്ച്. മുഹമ്മദ് റഫീഖ് മരിക്കാനിടയായ സംഭവം ക്രൈംബ്രാഞ്ചിനെയോ സ്പെഷ്യല്‍ ടീമിനെയോ ഏല്‍പ്പിച്ച് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മകന് മുഹമ്മദ് റാഹില്അലി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി. ആള്‍ക്കൂട്ട അക്രമത്തിലാണ് റഫീഖ് മരിച്ചതെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ നടക്കുന്ന അന്വേഷണം സംശയത്തോടെയാണ് കാണുന്നതെന്നും പരാതിയില്‍ പറയുന്നു.
മരണത്തിന് ഉത്തരവാദികളായവരെ ഇനിയും കണ്ടെത്തിയിട്ടില്ല. സി.സിടിവിയുടെ പരിധിയില്‍ വരുന്ന സ്ഥലത്താണ് മരണം സംഭവിച്ചത്. സംഭവത്തിന് നിരവധി ദൃക്സാക്ഷികള്‍ ഉണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിദഗ്ധ ഏജന്‍സിയെ കൊണ്ട് ഊര്‍ജ്ജിത അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.