ഏറ്റുമുട്ടാൻ ഒരുങ്ങി കേന്ദ്രം, വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു; വന്‍ പൊലീസ് സന്നാഹം; കര്‍ഷക സമരകേന്ദ്രം തകർക്കാൻ നീക്കം
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെ വിറപ്പിച്ച കര്‍ഷകരുടെ പ്രക്ഷോഭത്തെ ഏതുവിധേനയും അടിച്ചമര്‍ത്താന്‍ നീക്കം. സമര വേദികള്‍ക്ക് മുന്നിലും ഹരിയാന അതിര്‍ത്തിയായ സിംഘുവിലും യുപി അതിര്‍ത്തിയായ ഗാസിപ്പൂരിലും വന്‍ സേനാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. സമരക്കാരെ ഒഴിപ്പിക്കല്‍ നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നെന്ന സൂചന നല്‍കും വിധമാണ് സേനാ വിന്യാസം. പ്രതിഷേധക്കാര്‍ റോഡിന്റെ മറുവശത്തേക്ക് കടക്കാതിരിക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഗാസിപുരിലെ സമരകേന്ദ്രത്തിലേക്കുള്ള വൈദ്യുതിയും ജലവിതരണവും യുപി സര്‍ക്കാര്‍ വിച്ഛേദിച്ചു. സമരഭൂമിയില്‍ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നേരത്തെ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. വൈദ്യുതിയും ജലവിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ ഗാസിപൂരിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.