കുവൈത്ത് വിദേശികളെ ഒഴിവാക്കുന്നു; പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്
കുവൈത്ത് :: കുവൈത്തില്‍ സ്വദേശിവത്ക്കരണം ശക്തമായ സാഹചര്യത്തില്‍ പൊതുമേഖലയില്‍ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ നീക്കം. ഇതുവഴി പൊതുമേഖലാ ജോലികളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിനായി സിവില്‍ സര്‍വീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയതായി വാണിജ്യ വ്യാപാര മന്ത്രി ഫൈസല്‍ അല്‍ മെദ്ലിജ് അറിയിച്ചു.
രണ്ട് വര്‍ഷത്തിനകം അഞ്ച് മേഖലകളില്‍ സ്വദേശിവത്ക്കരണം പൂര്‍ണമാക്കും. വിദ്യാഭ്യാസം, ക്രിമിനല്‍ ഫോറന്‍സിക് എന്നിവയില്‍ 97 ശതമാനം സ്വദേശിവത്ക്കരണമുണ്ടാകും. ഏറ്റവും കുറവുള്ള കാര്‍ഷിക മേഖലയില്‍ ഇത് 75 ശതമാനം ആണ്.
‘കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിദേശികളെ ഒഴിവാക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ 2144 വിദേശികളെ സര്‍ക്കാര്‍ മേഖലയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മൂന്ന് മാസത്തിനിടെ 83,000ത്തില്‍ അധികം പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയതായാണ് അറിയുന്നത്. ഇതോടെ രാജ്യത്തെ വിദേശികളുടെ എണ്ണം 15 ലക്ഷം ആയിട്ടുണ്ട്.
തൊഴില്‍ മേഖലയില്‍ വിദേശികളുടെ എണ്ണം കുറക്കുക എന്ന കുവൈറ്റ് ഭരണകൂടത്തിന്റെ ലക്ഷ്യം ഫലം കണ്ടുതുടങ്ങി എന്നതിന്റെ സൂചനയാണ് പ്രവാസികളുടെ മടങ്ങി വരവ്. കുവൈറ്റ് മാധ്യമങ്ങള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
സര്‍ക്കാര്‍ മേഖലയില്‍ 29% മാത്രമാണ് വിദേശികള്‍ ജോലി ചെയ്യുന്നത്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ 65% വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. വ്യാപാര മേഖലയിലാണ് കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത്.
ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 3 മാസത്തിനിടെ 7385 പേര് ഇവിടെ നിന്നും സ്വന്തം നാട്ടിലേക്ക് പോയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
2017 ലാണ് കുവൈത്ത്വത്ക്കരണ നയം പ്രഖ്യാപിച്ചത്. 2019 ഡിസംബര്‍ വരെ 1.20 ലക്ഷം പ്രവാസികളാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്. കൊവിഡ് കാരണം നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആഗസ്റ്റില്‍ 48 സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നായി 1183 വിദേശികളുടെ തൊഴില്‍ കരാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു.