സംസ്ഥാനത്ത് രണ്ടാഴ്ച നിർണായകം, കൊവിഡ് രോഗികൾ ഇരട്ടിയാകും, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്തെ രോഗികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് ഇരട്ടിയാകുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരിശോധനകളുടെ എണ്ണം കുറച്ചതും ജാഗ്രത കൈവിട്ടതുമാണ് കേരളത്തിന് തിരിച്ചടിയായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
രാജ്യത്ത് കൊവിഡ് ഭീതിയൊഴിയുമ്പോഴും കേരളത്തിൽ കടുത്ത ആശങ്ക നിലനിൽക്കുകയാണ്. വരാനിരിക്കുന്നത് അതിനിര്‍ണായക ദിനങ്ങളാണെന്ന സൂചനകളാണ് ആരോഗ്യ വകുപ്പ് നൽകുന്നത്. ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം 6600 മുതൽ 7400 വരെ ഉയരും. തദ്ദേശ തെരഞ്ഞെടുപ്പ്, ക്രിസ്മസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നത് ഇതെല്ലാം വ്യാപനം കൂട്ടി എന്നാണ് കണ്ടെത്തൽ. ലോക്ക് ഡൗൻ ഇളവുകൾ പൂർണ തോതിൽ ആയതോടെ ഒക്ടോബർ മുതൽ ഇതുവരെ ശരാശരി ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് 10ന് മുകളിൽ ആണ്.
മരണ നിരക്ക് ഉയർന്നേക്കില്ലെന്ന കണക്ക് കൂട്ടൽ മാത്രമാണ് ആശ്വാസകരം. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് സർക്കാർ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനമെടുത്തത്. 50 ശതമാനം മാത്രം സെൻസിറ്റിവിറ്റി ഉള്ള ആന്റിജൻ പരിശോധന മാറ്റി പിസിആർ പരിശോധന കൂട്ടും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊവിഡ് വ്യാപനം പ്രതിപക്ഷം രാഷ്ട്രീയവിഷയമാക്കിത്തുടങ്ങിയതും സർക്കാറിന് മുന്നിലെ വെല്ലുവിളിയാണ്.