ക്ഷേമപെന്ഷന് ഉടന്‍ വീട്ടിലെത്തും; വിഷു കൈനീട്ടവുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിഷു കൈനീട്ടവുമായി പിണറായി സര്‍ക്കാര്‍. 1600 രൂപയാക്കി വര്‍ധിപ്പിച്ച ക്ഷേമപെന്ഷന് വിഷുവിന് മുന്‍പുതന്നെ എല്ലാവരുടേയും വീടുകളിലെത്തിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ ക്ഷേമപെന്ഷന് 100 രൂപ കൂടി വര്‍ധിപ്പിച്ചിരുന്നു. ഈ പുതിയ പെന്ഷന് തുക വിഷുകിറ്റിനൊപ്പം വീടുകളില്‍ വിഷുവിന് മുന്‍പ് തന്നെ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. എപിഎല്‍ വിഭാഗക്കാര്‍ക്ക് 15 രൂപ നിരക്കില്‍ 10 കിലോഗ്രാം വീതം അരിയും വിഷുവിനുമുന്പ് ലഭ്യമാക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എകെജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ദാരിദ്യനിര്മ്മാര്ജനത്തിനായുള്ള പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടിക ഉടന്‍ തയ്യാറാക്കുമെന്നും ധനമന്ത്രി അറിയിച്ചു. അഞ്ചുലക്ഷത്തോളം കുടുംബങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നതെന്നും ഇതിനായുളള അപേക്ഷ ഉടന്‍ ക്ഷണിക്കുമെന്നും തോമസ് ഐസക് അറിയിച്ചു. ഈ കുടുംബാംഗങ്ങള്‍ക്കായി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഭക്ഷണം, പാര്‍പ്പിടം, ചികിത്സ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കൂടാതെ ഉപജീവനമേഖലയില്‍ പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. രണ്ടുലക്ഷം പേര്‍ക്ക് കാര്‍ഷികമേഖലയിലും മൂന്ന് ലക്ഷം പേര്‍ക്ക് കാര്ഷികേതരമേഖലയിലും തൊഴില്‍ നല്‍കുമെന്ന്് മന്ത്രി കൂട്ടിച്ചേര്‍ത്തു.