ബദിയഡുക്ക: അംഗന്‍വാടികളുടെ മറവില്‍ ബദിയഡുക്കയില്‍ നടന്ന അഞ്ചുലക്ഷം രൂപയുടെ തട്ടിപ്പു പൂഴ്ത്തിവയ്ക്കാന്‍ പഞ്ചായത്തധികൃതര്‍ ശ്രമിക്കുന്നതായി ആക്ഷേപം.
തട്ടിപ്പു കണ്ടെത്തുകയും അതു സംബന്ധിച്ചു പൊലീസില്‍ പരാതിപ്പെടുകയും തട്ടിപ്പാക്കിയ തുക തിരിച്ചുപിടിക്കുകയും ചെയ്യണമെന്നു ജില്ലാ ലോക്കല്‍ ഓഡിറ്റിംഗ് വിഭാഗം പഞ്ചായത്തധികൃതരോട് മാസങ്ങള്‍ക്കു മുമ്പ് ആവശ്യപ്പെട്ടിരുന്നു.ഇതിനെത്തുടര്‍ന്നു രണ്ടുമാസം മുമ്പു പഞ്ചായത്ത് സെക്രട്ടറി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെ സ്റ്റേറ്റ്മെന്റ് നല്‍കിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സ്റ്റേറ്റ്മെന്റ് നല്‍കണമെന്നു പല പ്രാവശ്യം പഞ്ചായത്തധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ സ്റ്റേറ്റ്മെന്റ് നല്‍കാതെ ഒഴിഞ്ഞു മാറുകയാണെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇതുമൂലം പൊലീസിനു കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ കഴിഞ്ഞിട്ടില്ല.
പഞ്ചായത്തിനു സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിനു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കോ, സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങള്‍ക്കോ ആണു കരാര്‍ നല്‍കേണ്ടത്. എന്നാല്‍ കളേഴ്സ് ഗിഫ്ട് കിഡ്സ് കളക്ഷന്‍ എന്ന സ്വകാര്യ സ്ഥാപനത്തിനാണ് ബദിയഡുക്ക പഞ്ചായത്ത് കരാര്‍ നല്‍കിയത്.ഈ സ്ഥാപനത്തിന്റെ ഉടമ പഞ്ചായത്തിലെ ഒരു ഭരണ കക്ഷി അംഗത്തിന്റെ ബിസിനസ് പങ്കാളിയാണെന്നും ആരോപണമുണ്ട്.സ്വകാര്യ സ്ഥാപനത്തിനു കരാര്‍ നല്കിയാല് സാധനങ്ങള്‍ ഇറക്കി അതിന്റെ മൂല്യ നിര്‍ണ്ണയം ഉറപ്പാക്കിയ ശേഷമാണ് പണം നല്‍കേണ്ടതെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇക്കാര്യത്തില്‍ കരാര്‍ നല്‍കിയതിനൊപ്പം കരാര്‍ തുകയും നല്‍കുകയായിരുന്നു.
കരാര്‍ നല്കിയാല് രണ്ടു മാസത്തിനുള്ളില്‍ മുഴുവന്‍ സാധനങ്ങളും സപ്ലൈ ചെയ്യേണ്ടതാണ്. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും സാധനങ്ങള്‍ എത്തിക്കാനോ, അതിനു നല്കിയ പണം തിരിച്ചുപിടിക്കാനോ പഞ്ചായത്തധികൃതര്‍ ശ്രമിക്കാത്തതു ലോക്കല്‍ ഓഡിറ്റ് വിഭാഗത്തെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.