തിയേറ്റര്‍ പ്രവേശനാനുമതിയില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം; പുതുക്കിയ മാനദണ്ഡങ്ങള്‍ ഇങ്ങനെ
ന്യൂദൽഹി: തീയറ്റര്‍ പ്രവേശനാനുമതിയില്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരില്‍ ഇളവ് വന്നതിനെ തുടര്‍ന്നാണ് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമ തീയറ്ററുകളില്‍ 50 ശതമാനം പ്രവേശനാനുമതി നേരത്തെ നല്‍കിയിരുന്നു. പുതിയ മാനദണ്ഡമനുസരിച്ച് കൂടുതല്‍ ആളുകളെ തീയറ്ററില്‍ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങളില്‍ പറയുന്നു.
ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. കൂടുതല്‍ പ്രവേശനാനുമതി എന്ന് പ്രസ്താവനയില്‍ പറയുന്നുണ്ടെങ്കിലും നൂറ് ശതമാനത്തിന് സാധ്യതയുണ്ടാകില്ല. എങ്കിലും 80-85 ശതമാനം ആളുകളെ പ്രവേശിപ്പിക്കാനാവുമെന്നാണ് തീയറ്റര്‍ ഉടമകള്‍ പ്രതീക്ഷിക്കുന്നത്. വലിയ ചിത്രങ്ങള്‍ 80 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രദര്‍ശിപ്പിക്കാവുന്നതാണ്.
ബോളിവുഡ്, തമിഴ്, കന്നട, തെലുങ്കു, മലയാളം എന്നീ സിനിമ മേഖലകളില്‍ നിന്ന് നിരവധി ചിത്രങ്ങളാണ് ഫെബ്രുവരിയില്‍ റിലീസിനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങള്‍ വിതരണക്കാരും, തീയറ്റര്‍ ഉടമകളും സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
ബോളിവുഡ് നിര്‍മ്മാതാക്കള്‍ക്ക് വലിയ ആശ്വാസമായിരിക്കും പുതിയ മാനദണ്ഡങ്ങള്‍. 50 ശതമാനം പ്രവേശനാനുമതിയോടെ ചിത്രങ്ങള്‍ പുറത്തിറക്കാന്‍ ബുദ്ധിമുട്ടിയിരുന്ന എല്ലാ നിര്മ്മാതാക്കള്ക്കുംഈ തീരുമാനം ആശ്വാസം നല്‍കുന്നതാണെന്നും പിവിആര്‍ സിഇഓ കമല്‍ ഗ്യാന്‍ചന്ദാനി പിടിഐനോട് സംസാരിക്കവെ വ്യക്തമാക്കി.
ലോക്ക് ഡൗണിന് ശേഷം ഒക്ടോബറിലാണ് 50 ശതമാനം പ്രദര്‍ശനാനുമതിയോടെ തീയറ്ററുകള്‍ തുറക്കുന്നതിനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. മഹാരാഷ്ട്രയില്‍ നവംബറില്‍ തീയറ്ററുകള്‍ തുറന്നിരുന്നു. അതേസമയം കേരളത്തിലും തമിഴ്നാട്ടിലും 2021 ജനുവരിയിലാണ് തീയറ്ററുകള്‍ തുറന്നത്.
പുതിക്കിയ മാനദണ്ഡങ്ങള്‍ ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരുമെങ്കിലും കേരളത്തില്‍ തീയറ്ററുകളില്‍ പ്രദര്‍ശനാനുമതി 50 ശതമാനത്തില്‍ നിന്ന ഉയര്‍ത്തുമോ എന്നതില്‍ ഉറപ്പില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവനകളൊന്നും വന്നിട്ടില്ല. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരളത്തില്‍ ജനുവരി 17ന് തീയറ്ററുകള്‍ തുറന്നത്.
മാസ്റ്റര്‍, വെള്ളം എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് നിലവില്‍ സംസ്ഥാനത്ത് തീയറ്ററില്‍ റിലീസ് ചെയ്തത്. ഫെബ്രുവരി മുതല്‍ റിലീസിനൊരുങ്ങുന്നത് നിരവധി മലയാള ചിത്രങ്ങളാണ്.