ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും
ആലപ്പുഴ: നാല്‍പ്പത്തിയെട്ട് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യുക. ബൈപ്പാസ് തുറക്കുന്നതോടെ ആലപ്പുഴ നഗരത്തിലൂടെയുള്ള യാത്രാദുരിതത്തിന് പരിഹാരമാകും.
1972ല്‍ തുടങ്ങിയ പദ്ധതി. തുടര്‍ന്നിങ്ങോട്ട് കടമ്ബകള്‍ ഏറെ കടന്നാണ് ബൈപ്പാസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കിലോമീറ്റര്‍ നീളമാണ് ദൈര്‍ഘ്യം. ഇതില്‍ ബീച്ചിനരികിലൂടെ 3.2 കിലോമീറ്റര്‍ ദൂരത്തില്‍ മേല്‍പ്പാലം. ആലപ്പുഴ ബീച്ചിന്റെ സൗന്ദര്യമാസ്വദിച്ച് യാത്ര ചെയ്യാം.
344 കോടിയാണ് ആകെ ചെലവ്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി ചെലവിട്ടു. മേല്‍പ്പാലത്തിനായി 7 കോടി റെയില്‍വേക്ക് കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനത്തിന് അധിക ചെലവുണ്ട്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പൈലിങ് അടക്കമുള്ള ജോലികള്‍ തുടങ്ങിയത്. എന്നാല്‍ 85 ശതമാനം ജോലികളും പൂര്‍ത്തിയാക്കി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് വികസനനേട്ടമായി ഉയര്‍ത്തിക്കാട്ടുകയാണ് ഇടതുസര്‍ക്കാര്‍.