ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന വസതി സ്മാരകമാക്കാന് കോടതിയുടെ അനുമതി; പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് താല്‍ക്കാലിക വിലക്ക്
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന വസതി സ്മാരകമാക്കാന് തമിഴ്നാട് സര്‍ക്കാരിന് കോടതിയുടെ അനുമതി.
ജയലളിതയുടെ വസതിയായ വേദനിലയമാണ് സ്മാരകമാക്കാന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയത്. അതേസമയം പൊതുജനങ്ങള്‍ക്ക് വസതിയിലേക്ക് നിലവില്‍ പ്രവേശനം ഉണ്ടാവില്ല.
ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനും 67 കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തത്. ജയലളിതയുടെ അമ്മ വേദവല്ലിയുടെ സ്മരണാര്‍ത്ഥമാണ് വീടിന് വേദനിലയം എന്ന് പേരിട്ടത്.
നാലര കിലോയോളം സ്വര്‍ണ്ണം, 600കിലോയലധികം വെള്ളി. 11 ടിവി, 110 റഫ്രിജറേറ്ററുകള്‍, 38 എയര്‍ കണ്ടിഷണറുകള്‍, 29 ടെലിഫോണുകള്‍, 10438 സാരികള്‍, നൂറിലധികം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഒന്‍പതിനായരത്തോളം പുസ്തകങ്ങള്‍ അടക്കമുള്ളവയാണ് ഈ വീട്ടിലുണ്ടായിരുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം ജയലളിതയുടെ തോഴിയായിരുന്നു വി.കെ ശശികല കഴിഞ്ഞ ദിവസം ജയില്‍ മോചിതയായി. വേദനിലയത്തില്‍ നിന്നായിരുന്നു ശശികല ജയിലെത്തിയത്.
പരപ്പന അഗ്രഹാര ജയിലില്‍ നാലു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ശശികല മോചിതയായത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
മോചന ഉത്തരവ് ജയില്‍ അധികൃതര്‍ ശശികലയ്ക്ക് കൈമാറി. നിലവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ശശികലയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
കര്‍ണാടകയില്‍ തുടരുന്ന നാള് വരെ ശശികലയ്ക്ക് പൊലീസ് സുരക്ഷ നല്‍കും.2017 ലാണ് അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലാകുന്നത്.