കിടാരി പാര്‍ക്ക് സന്ദര്‍ശിക്കൂ, ഇടനിലക്കാരെ ഒഴിവാക്കി മികച്ച ഗുണമേന്മയുള്ള പശുക്കളെ ഇവിടെ നിന്ന് വാങ്ങാം.
കാസർകോട്: കാസർകോട് ക്ഷീരമേഖലയ്ക്ക് മുതല്‍ക്കൂട്ടായി ചിത്താരി ക്ഷീരവ്യവസായ സംഘത്തിന്റെ കിടാരി പാര്‍ക്ക്. കര്‍ഷകര്‍ക്കും ക്ഷീരമേഖലയിലേക്ക് കടന്നുവരുന്നവര്‍ക്കും ഇടനിലക്കാരെ ഒഴിവാക്കി മികച്ച ഗുണമേന്മയുള്ള പശുക്കളെ ഇവിടെ നിന്ന് വാങ്ങാം. 2018-2019 വര്‍ഷം ക്ഷീരവികസന വകുപ്പ് സംസ്ഥാനത്ത് അനുവദിച്ച രണ്ട് കിടാരി പാര്‍ക്കില്‍ ഒന്നാണ് ചിത്താരി ക്ഷീരവ്യവസായ പാര്‍ക്ക്. ഏഴ് മുതല്‍ 15 മാസം വരെ പ്രായമുള്ള കിടാരികളെ വാങ്ങി വളര്‍ത്തി പ്രസവിക്കുമ്പോള്‍ പശുവിനെയും കിടാവിനെയും ക്ഷീരകര്‍ഷകര്‍ക്ക് വില്‍ക്കുന്ന പദ്ധതിയാണിത്.
ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയ കിടാരി പാര്‍ക്കില്‍ 66 പശുക്കളെ വില്പന നടത്തി. 21 എണ്ണം വില്പനയ്ക്ക് തയ്യാറാണ്. രോഗപ്രതിരോധശേഷിയും പാലുല്പാദന ശേഷിയുമുള്ള മികച്ച ഇനം പശുക്കളെയാണ് ഇവിടെ വളര്‍ത്തുന്നത്. അതിനാല്‍ ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും സ്വകാര്യവ്യക്തികള്‍ക്കും വിശ്വസിച്ചു വാങ്ങാം. ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കും ചീമേനിയിലെ തുറന്ന ജയിലിലേയ്ക്കും ഇവിടെ നിന്ന് പശുക്കളെ വില്പന നടത്തുന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി, കര്‍ണാടകയിലെ ചിന്താമണി എന്നിവിടങ്ങളില്‍ നിന്നാണ് കിടാരികളെ ആദ്യഘട്ടത്തില്‍ പാര്‍ക്കില്‍ എത്തിച്ചത്.
ഒരു പശുവിനു 45000 മുതല്‍ 75000 വരെയാണ് വില. പാല് ഉല്പാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് വില നിശ്ചയിക്കുന്നത്. ഇടനിലക്കാരില്ലാതെ ആവശ്യക്കാര്‍ക്ക് നേരിട്ടു വാങ്ങാം. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സും ചെയ്തു കൊടുക്കും. വാങ്ങുന്ന സമയത്ത് പശുക്കളുടെ ഹെല്‍ത്ത് ആന്റ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും ഉറപ്പാക്കുന്നു. മുന്‍പ് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ തമിഴ്നാട്, കര്‍ണാടക തുടങ്ങി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പശുക്കളെ വാങ്ങുമ്പോള്‍ ഇടനിലക്കാരുടെ ചൂഷണം പതിവായിരുന്നു.