പാലക്കുന്ന് കഴകം ക്ഷേത്രത്തിലെ കുഞ്ഞിക്കോരന് പണിക്കര്‍ക്ക് പൂരക്കളി അക്കാദമിയുടെ ഗുരുപൂജാ പുരസ്ക്കാരം
പാലക്കുന്ന്: പൂരക്കളി കലാകാരനും, പരിശീലകനുമായ കുഞ്ഞിക്കോരന് പണിക്കര്‍ക്ക് (75) ഗുരുപൂജാ പുരസ്കാരം. പാലക്കുന്ന് കഴകം ഭഗവതീക്ഷേത്രത്തിലെ ആസ്ഥാന പുരക്കളിക്കാരനാണ് കോരന്പണിക്കര്. കഴക പരിധിയിലെ പണിക്കരായി അംഗീകാരം ലഭിച്ചിട്ടുണ്ട്. ഉത്തരകേരളത്തിന്റെ ജനകീയ അനുഷ്ഠാന കലയായ പൂരക്കളിക്ക് വേണ്ടി സംസ്കാരിക വകുപ്പിനാല്‍ നിര്‍മ്മിതമായ പൂരക്കളി അക്കാദമിയാണ് കോരന് പണിക്കരെ ഗുരുപൂജാ പുരസ്ക്കാരം നല്കി ആദരിക്കുന്നത്.
നാലു വേദങ്ങളുടെയും, ആറുശാസ്ത്രങ്ങളുടെയും, 64 കലകള്‍ 96 തത്വങ്ങളുടെ പൊരുള്‍ തേടിയും, ഉത്തമങ്ങളായ ശ്രുതിയിലും സ്വരങ്ങളിലും രാഗങ്ങളിലും പരിശിലനം നേടുന്നതോടു കൂടിയാണ് ഉത്തമനായ പൂരക്കളി കളിക്കാരന് പിറവി കൊള്ളുക. പ്രാസങ്ങളും നടനക്രമങ്ങളും കളരിയിലെ ചുവടുകളും ഗൃഹസ്ഥമാക്കേണ്ടതുണ്ട്.
ക്ഷേത്ര തിരുമുറ്റത്ത് അനുഷ്ഠാനങ്ങളോടെ പ്രദര്‍ശിപ്പിക്കേണ്ടുന്ന ദേവകല കൂടിയായ പൂരക്കളിയുടെ പരരിശിലന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചതും പുതു തലമുറക്ക് വേണ്ട പരിശീലനം സാധ്യമാക്കിയതുമാണ് പുരസ്ക്കാരത്തിനു തെരെഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ഘടകം.
പാലക്കുന്ന് കഴകദേശത്തിലെ പക്കീരന്‍ ഗുരുക്കള്‍, കുട്ട്യപ്പ പണിക്കര്‍, ചാളക്കോരന് തുടങ്ങിയവരായിരുന്നു പ്രധാന ഗുരുക്കള്‍. സംസ്കൃതത്തില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത് അരയില്‍ ശങ്കുണ്ണിക്കണിയാരുടെ ശിക്ഷണത്തിലായിരുന്നു. അച്ഛന് പരേതനായ കണ്ടടുക്കം അപ്പ, അമ്മ മാണിക്കം.