‘കൊല്ലപ്പെട്ടവനും പ്രതി’; ദല്‍ഹി പൊലീസ് കേസെടുത്തത്
റാലിക്കിടെ മരിച്ച കര്‍ഷകനെതിരെ
100 കോടിയുടെ നഷ്ടമെന്ന് പോലീസ്.
ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിലുണ്ടായ കര്‍ഷക പ്രക്ഷോഭത്തില്‍ നിരവധി പേര്‍ക്കെതിരെയാണ് ദല്‍ഹി പൊലീസ് കേസെടുത്തിരുന്നത്. ഇതില്‍ കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിനിടെ മരിച്ച കര്‍ഷകനെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെയാണ് പൊലീസ് എഫ്.ഐ.ആര് ചുമത്തിയ ഉത്തരാഖണ്ഡ് സ്വദേശിയായ കര്ഷകന് മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്ഷകന് മരിച്ചത് എന്നാണ് പൊലീസ് വാദം.
തിരിച്ചറിയാത്ത നിരവധി പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 22 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓരോ കേസിലും വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് പൊലീസ് നീക്കം.
കര്‍ഷകര്‍ 100 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും ദല്‍ഹി പൊലീസ് അവകാശപ്പെടുന്നുണ്ട്. 153 പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് വാദം.
കര്‍ഷകരില്‍ ചിലര്‍ പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്തുവെന്നും രാജ്യതലസ്ഥാനത്തേക്ക് അനുമതിയില്ലാതെ പ്രവേശിച്ചുവെന്നും ആരോപിച്ചാണ് പൊലീസ് എഫ്.ഐ.ആര് ചുമത്തിയത്. കര്‍ഷകര്‍ക്ക് റാലി നടത്താന്‍ പൊലീസ് അനുവദിച്ച പാത തെറ്റിച്ച് ഒരു വിഭാഗം കര്‍ഷകര്‍ പോയെന്നും അതുകൊണ്ടാണ് എഫ്.ഐ.ആര് ചുമത്തിയതെന്നും ദല്‍ഹി പൊലീസ് പറയുന്നു.
പ്രതിഷേധക്കാരെ കണ്ടെത്തുന്നതിനായി പൊലീസ് എല്ലാ സി.സി.ടി.വി, മൊബൈല്‍ ഫൂട്ടേജുകളും പരിശോധിച്ചിരുന്നു. ഫൂട്ടേജുകളുടെ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ചും പ്രത്യേക സംഘവും പൊലീസിനെ സഹായിക്കുകയായിരുന്നു.
പൊലീസിനെ അക്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കര്‍ഷകരുടെ മൊബൈല്‍ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുകയും ചെയ്തു.
അതേസമയം രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ശക്തമാക്കിയിരുന്നു. ദല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു.
പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി അറിയിച്ചു. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ല. എന്നാല്‍ പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞിരുന്നു.
നേരത്തെ നിശ്ചയിച്ച വഴികളിലൂടെയല്ലാതെ റാലി നടത്തിയവര്‍ സംയുക്ത സമിതിയുടെ ഭാഗമായി പ്രതിഷേധത്തിന് എത്തിയവരല്ലെന്നും കര്‍ഷക നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.