നീക്കം കൃത്യമാണ്, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തിയത് മതമൗലികവാദി കൂട്ടുകെട്ടിന്, കോൺഗ്രസ്സ് ലീഗിന് കീഴടങ്ങിയെന്നും വിജയരാഘവന്
തിരുവനന്തപുരം: രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയ സന്ദേശം കൃത്യമാണെന്നും മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവന്.
ഈ നിലയിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ചുരുങ്ങി പോയിരിക്കുന്നു. നാടിന് വേണ്ടത് വികസന കാഴ്ചപ്പാടും നവോത്ഥാന മൂല്യങ്ങളും പരിരക്ഷയുമാണെന്നും വിജയരാഘവന് പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ യാതൊരു മടിയുമില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവര്‍ കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയാണ് അവര്‍ ആഗ്രഹിക്കുന്നത്. മുസ്ലിം മത മൗലികവാദികളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നും യുഡിഎഫ് ആഗ്രഹിക്കുന്നു. യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തുണ്ടാകുന്ന വില വര്‍ധനവ് ആശങ്കസൃഷ്ടിക്കുന്നു. ഒരു കാരണവുമില്ലാതെയാണ് പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിക്കുന്നത്. വര്‍ഗീയവത്കരണത്തിന് മുന്‍ഗണനയെന്ന ബിജെപിയുടെ സമീപനത്തിന് വ്യത്യസ്തമായതാണ് കേരളത്തിലെ ഇടതുമുന്നണിയും സര്‍ക്കാരും. ഗൗരവമേറിയ വിഷയങ്ങളെ കാണാതെയാണ് യുഡിഎഫ് നിലപാടുകള്‍ സ്വീകരിക്കുന്നത്. ഒരു തരം രാഷ്ട്രീയ ദിശാദാരിദ്ര്യമാണ് യുഡിഎഫിനെ ബാധിച്ചിട്ടുള്ളത്.
നാട് നേരിടുന്ന മൗലികമായ വിഷയങ്ങളില്‍ കൃത്യമായ അഭിപ്രായം യുഡിഎഫ് നേതൃത്വം പറയാതിരിക്കുന്നത് ബിജെപിയുമായി രാഷ്ട്രീയ നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നതിനാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് യാതൊരു മടിയും കൂടാതെയാണ് ബിജെപിക്ക് വോട്ട് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിന്റെ പ്രചരണത്തിനായി സംസ്ഥാനത്ത് രണ്ട് ജാഥകള്‍ നടത്തും. കാസര്‍കോട്നിന്ന് ഫെബ്രുവരി 13നും തൃശൂരില്‍നിന്ന് 14നും ജാഥകള്‍ തുടങ്ങും. രണ്ടു ജാഥകളും 26ന് സമാപിക്കും.