പ്രണയവിവാഹത്തെ വീട്ടുകാർ എതിർത്തു. കാമുകൻ ദുബായിലും കാമുകി നാട്ടിലും ജീവനൊടുക്കി
തെലങ്കാന: പ്രണയത്തിന് വീട്ടുകാർ എതിര് നിന്നതോടെ ജീവനൊടുക്കി കമിതാക്കൾ. തെലങ്കാന സ്വദേശികളായ യുവാക്കളാണ് രണ്ടിടങ്ങളിലായി ആത്മഹത്യ ചെയ്തത്. തെലങ്കാനയിലെ ഗൊല്ലപ്പള്ളി മണ്ഡൽ സ്വദേശിയായ യുവതിയാണ് ആദ്യം ആത്മഹത്യ ചെയ്തത്
.കാമുകിയുടെ മരണ വാർത്തയറിഞ്ഞതോടെ ദുബായിലായിരുന്ന യുവാവും പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു. മനീഷ (21) ദിവസങ്ങൾക്ക് മുമ്പാണ് വീട്ടിൽ തൂങ്ങി മരിച്ചത്. രാകേഷ് (24) എന്നാണ് യുവാവിന്റെ പേര്.
മനീഷയും രാകേഷും ഏറെ നാളായി പ്രണയത്തിലായിരുന്നു. മനീഷയെ വിവാഹം കഴിക്കാൻ മികച്ച ജോലി അന്വേഷിച്ചാണ് രാകേഷ് ദുബായിലേക്ക് പോയത്. എന്നാൽ ഇരുവരുടേയും മാതാപിതാക്കൾ വിവാഹത്തെ ശക്തമായി എതിർത്തിരുന്നു.
മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് രാകേഷ് സോഷ്യൽമീഡിയയിൽ വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. മനീഷയില്ലാതെ ജീവിക്കാനാകില്ലെന്നും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും പറഞ്ഞ് കരയുന്ന വീഡിയോ ആയിരുന്നു ഇത്.
അടുത്തിടെയാണ് രാകേഷ് ദുബായിൽ എത്തിയത്. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം കഴിക്കണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. ഇതിനായുള്ള ശ്രമങ്ങളും ഇരുവരും നടത്തി. എന്നാൽ രക്ഷിതാക്കൾ വഴങ്ങിയില്ല. തുടർന്നാണ് മനീഷ വീട്ടിൽ ആത്മഹത്യ ചെയ്തത്.
മനീഷ മരിച്ച് ദിവസങ്ങൾക്കുള്ളിൽ രാകേഷും സ്വയം ജീവനൊടുക്കി. ദുബായിലെ ഫ്ലാറ്റിൽ രാകേഷിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.