കാസർകോട് : കോവിഡ് പ്രതിരോധത്തില്‍ ജില്ല കൈവരിച്ച നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും കൊറോണ വൈറസിനെ ജാഗ്രതയോടെ പ്രതിരോധിക്കുന്നതിനും തുടര്‍ ബോധവല്‍ക്കരണ, നിയമപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഐ ഇ സി കോവിഡ്-19 കോര്‍ഡിനേഷന്‍ കമ്മിറ്റ കര്‍മ്മ പദ്ധതി തയ്യാറാക്കി. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാലയിലാണ് കര്‍മ്മപദ്ധതിയ്ക്ക് രൂപരേഖയായത്.
ആഘോഷങ്ങള്‍ കോവിഡ് മാനദണ്ഡങ്ങളോടെ മാത്രമാവട്ടെ
ഉത്സവങ്ങള്‍, കലാപരിപാടികള്‍, മറ്റു പൊതുപരിപാടികള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെയും സ്റ്റേഷന് ഹൗസ് ഓഫീസറുടേയും അനുമതി നിര്‍ബന്ധമാണ്. ഇത് ഉറപ്പാക്കും. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടേയോ മാഷ് പദ്ധതി അധ്യാപകരുടേയോ സാന്നിധ്യം പരിപാടികളില്‍ ഉറപ്പാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നതിനൊപ്പം നിയന്ത്രണവും വേണം.
ടൂര്‍ണമെന്റുകള്‍, കലാപരിപാടികള്‍ തുടങ്ങിയവ പാസ് മുഖേന നിയന്ത്രിക്കാന്‍ സംഘാടക സമിതികള്‍ തയ്യാറാകണം. പാസ് അനുവദിക്കുന്നതിന് ഏകീകൃത സംവിധാനം കൊണ്ടുവരാന്‍ നടപടി ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയും അറിവും കൂടാതെ ഒരു പരിപാടിയും ആഘോഷങ്ങളും അനുവദിക്കില്ല.
ഉല്‍സവങ്ങള്‍ക്ക് ആഘോഷ കമ്മിറ്റികള്‍ക്കൊപ്പം കോവിഡ് ജാഗ്രതാ സമിതി കൂടി രൂപീകരിക്കണം. സര്‍ക്കാര്‍ പരിപാടികളില്‍ കൂടുതല്‍ പേര് സംബന്ധിക്കുന്നില്ലെന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ജില്ലയില്‍ കര്‍ശനമാക്കും.
കളിയാട്ട കാവുകളില്‍ പലതിലും ഇത്തവണ തെയ്യം കെട്ട് ആചാരമായി ഒതുക്കി. മറ്റുള്ള ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും ഉത്സവങ്ങളും ഉറൂസുകളും പെരുന്നാളുകളും നടത്തുന്നതില്‍ ഇത് അനുകരണീയ മാതൃകയാക്കണം. വിവിധ മതനേക്കന്മാരുമായി ചര്‍ച്ച നടത്തി വിശ്വാസികള്‍ക്ക് നല്കാന് പൊതു നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കും.
കടകളിലും വ്യാപാര സ്ഥാപനങ്ങളിലും, ഹോട്ടലുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും പൊതു ഇടങ്ങളിലും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാന്‍ മാഷ് അധ്യാപകര്‍, പോലീസ് എന്നിവര്‍ പരിശോധന നടത്തണം. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് കേസെടുക്കാനുള്ള അധികാരം തുടരും. മാസ്ക് ജീവിതത്തിന്റെ ഭാഗമായി തുടരണം. മാസ്കില്ലാതെ വന്നാല്‍ സാധനങ്ങള്‍ കൊടുക്കില്ലെന്ന് വ്യാപാരികള്‍ തന്നെ തീരുമാനിക്കണം. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കോവിഡ് സന്ദേശങ്ങള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യും. ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളില്‍ കോവിഡ് സന്ദേശം എത്തിക്കാന്‍ വാര്‍ഡ്തല ജാഗ്രതാ സമിതികളുടെയും ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ ശബ്ദ സന്ദേശം തയ്യാറാക്കി വാഹന പ്രചരണം നടത്തും.
പൊതുവാഹന യാത്രയിലും കരുതല്‍ തുടരണം
പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമ്പോള്‍ കരുതല്‍ തുടരണം. ബസുകളില്‍ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാണ്. മലയോര പ്രദേശങ്ങളിലേക്ക് രാത്രിയില്‍ ബസ് സര്‍വ്വീസ് ഇല്ലാത്തത് പലപ്പോഴും വൈകുന്നേരങ്ങളിലെ ബസുകളില്‍ തിരക്കിന് കാരണമാകുന്നു. ഇത് പരിഹരിക്കാന്‍ പുത്തൂര്‍, സുള്ള്യ, കൊന്നക്കാട് തുടങ്ങിയ ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളിലേക്ക് കെ എസ് ആര് ടി സി രാത്രിയിലും സര്‍വ്വീസ് നടത്താന്‍ നടപടിയുണ്ടാകും.
കോളേജുകളിലും സ്കൂളുകളിലും ക്ലാസ് തുടങ്ങുന്ന സമയത്തും വിടുമ്പോഴും ബസുകളിലും സ്റ്റോപ്പുകളിലും തിരക്ക് ഉണ്ടാവുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ വിദ്യാലയ മേധാവികളുമായി ആലോചിച്ച് ക്ലാസുകള്‍ക്ക് പ്രത്യേകം സമയ ക്രമീകരണം ഒരുക്കും.
ബസുകളില്‍ കോവിഡ് സന്ദേശം ഉള്‍ക്കൊള്ളിച്ചുള്ള പരസ്യങ്ങള്‍ ഉപയോഗിക്കും. ബസിന്റെ സീറ്റുകവറുകളിലും മറ്റും ഈ സന്ദേശങ്ങള്‍ ഓര്‍മ്മപ്പെടുത്തലായി കൂടെയുണ്ടാകും.
വിദ്യാലയങ്ങളില്‍ കോള്‍ അറ്റ് സ്കൂള്‍
മാഷ് പദ്ധതിയെ കൂടാതെ വിദ്യാലയങ്ങളിലും കോളേജുകളിലും പ്രത്യേകം സ്റ്റുഡന്റ് കോവിഡ് സെല്ലുകള്‍-‘കോള്‍ അറ്റ് സ്കൂളുകള്‍’ രൂപീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളും അധ്യാപകരും വിദ്യാലയങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കും. സ്കൂളുകളില്‍ പ്രത്യേകം പ്ലഡ്ജ് ക്യാമ്പയിന് തുടക്കം കുറിക്കും.
മികച്ച മാഷിന് ഗുഡ് സര്‍വ്വീസ് എന്‍ട്രി
മാഷ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അധ്യാപകര്‍ക്ക് ഗുഡ്സര്‍വ്വീസ് എന്‍ട്രി തുടര്‍ന്നും നല്‍കും. നിയോഗിക്കപ്പെട്ട വാര്‍ഡില്‍ തുടര്‍ച്ചയായി 14 ദിവസം കോവിഡ് രോഗികളുടെ എണ്ണം പൂജ്യമാവുകയും പിന്നീടുള്ള 14 ദിവസവും രോഗികള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ അധ്യാപകര്‍ക്ക് 10 മാര്‍ക്ക് ലഭിക്കും. ഇങ്ങനെ 100 മാര്‍ക്ക് ലഭിക്കുന്ന വാര്‍ഡുകളിലെ അധ്യാപകരെയാണ് ഗുഡ്സര്‍വ്വീസ് എന്‍ട്രിയ്ക്ക് പരിഗണിക്കുക. ഇതിനായി ഓരോ അധ്യാപകരുടെയും പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും. വാര്‍ഡ്തല ജാഗ്രതാസമിതകളുടെ പ്രവര്‍ത്തന മികവിനും ജില്ലാതലത്തില്‍ പരസ്കാരം നല്‍കും.
തീരദേശ മേഖയിലും ടൂറിസം കേന്ദ്രങ്ങളിലും പ്രത്യേക കരുതല്‍
തീരദേശ മേഖലകളിലും ചെറുതും വലുതുമായ ടൂറിസം കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ഐഇസി പ്രവര്‍ത്തനങ്ങള്‍ നടത്തും. തീരദേശത്തും മറ്റും മല്‍സ്യം വില്ക്കുന്നവര് മാസ്കും കയ്യുറയും ധരിക്കണം. കോവിഡ് സന്ദേശ ബോര്‍ഡുകള്‍ സ്ഥാപിച്ചും ശബ്ദ സന്ദേശം പ്രചരിപ്പിച്ചും പരിശോധന കര്‍ശനമാക്കിയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. ജില്ലയില്‍ പുതിയതായി രൂപപ്പെട്ടുവരുന്ന ടൂറിസം സ്പോട്ടുകളായ തൃക്കണ്ണാട്, നെല്ലിക്കുന്ന് മടക്കര, കീഴൂര്‍ എന്നിവിടങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കും.
കോവിഡിനെ മറക്കാതെ സിനിമ കാണാം
സിനിമാ തിയറ്ററുകളില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ടിക്കറ്റ് പരമാവധി ഓണ്‍ലൈനായി എടുക്കാന്‍ ആളുകള്‍ ശ്രദ്ധിക്കണം. തിയേറ്ററുകളില്‍ ടിക്കറ്റ് നല്കുന്നവര് നിര്‍ബന്ധമായും ഗ്ലൗസ് ഇടണം. താപനില പരിശോധന നിര്‍ബന്ധം. ആദ്യത്തെ പരസ്യം കോവിഡ് ബോധവത്കരണ സന്ദേശമാകണം. ഓരോ ഷോ കഴിഞ്ഞ ശേഷവും ശുചിമുറികള്‍ നിര്‍ബന്ധമായും സാനിറ്റൈസ് ചെയ്യണം.
മറക്കരുത്, വാക്സിന് പ്രതിരോധമാണ്
കോവിഡ് ബാധിച്ചവര്‍ക്കുള്ള മരുന്നല്ല, കോവിഡിനുള്ള പ്രതിരോധമാണ് വാക്സിന് കുത്തിവെപ്പ്. ഈ അവബോധം ജനങ്ങളിലേക്കെത്തിക്കാന്‍ ട്രോളുകളും വീഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കും. അടുത്ത ഘട്ടങ്ങളില്‍ കോവിഡ് വാക്സിന് ചാലഞ്ചും ജില്ലയില്‍ ആരംഭിക്കും.
അന്നദാനം, പായസ വിതരണം പോലെയുള്ളവ ആള്‍ക്കൂട്ടം ഒഴിവാക്കി വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതിന് സംഘാടകര്‍ സന്നദ്ധരാകണം. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മതിലുകളില്‍ കോവിസ് പ്രതിരോധ സന്ദേശങ്ങള്‍ എഴുതണം. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കോവിഡ് മാനദണ്ഡങ്ങള്‍ രേഖപ്പെടുത്തിയ സ്ഥിരം ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഫെയ്സ്ബുക്ക് ലൈവ് റേഡിയോ ടെലിവിഷന്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമുകള്‍ ആരംഭിക്കണം.
ഐ ഇ സി കണ്‍വീനര്‍ എം മധുസൂദനന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, അസി. എഡിറ്റര്‍ പി പി വിനീഷ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് സയന, മാഷ് കോ ഓര്‍ഡിനേറ്റര്‍മാരായ പി ദിലീപ് കുമാര്‍, പി സി വിദ്യ, ശുചിത്വ മിഷന് അസി. കോര്‍ഡിനേറ്റര്‍ പ്രേമരാജന്‍, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കമല്‍ കെ ജോസ്, രജീഷ് കൃഷ്ണ, പ്രദീപ് നാരായണന്, ഷൈജു പിലാത്തറ എന്നിവര്‍ ശില്പശാലയില് സംബന്ധിച്ചു.