ഭക്ഷ്യ കിറ്റ് സർക്കാർ നേട്ടമാക്കണ്ട, ഇടത് -വലതു മുന്നണികൾ അഴിമതിക്കാരാണ്, ട്വന്റി-20 യാണ് ശരി, പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് നടന് ശ്രീനിവാസന്
കൊച്ചി: നടന് ശ്രീനിവാസന് ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി ശ്രീനിവാസന് രംഗത്ത്. പിറവത്ത് ശ്രീനിവാസന് മത്സരിക്കുമെന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ മത്സരിക്കുന്നതിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ശ്രീനിവാസന് പറഞ്ഞു. മംഗളത്തിനോടായിരുന്നു ശ്രീനിവാസന്റെ പ്രതികരണങ്ങള്‍.
അതേസമയം ട്വന്റി-20യുടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു. ‘നിലവിലുള്ള മുന്നണികളുടെ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും വിരോധമില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി-20 നടത്തിയ മുന്നേറ്റം നമ്മള് കാണാതെ പോകരുത്.’ ശ്രീനിവാസന് പറഞ്ഞു.
ട്വന്റി-20യെ കുറിച്ച് ഇത്തരത്തില്‍ സംസാരിക്കുന്നതുകൊണ്ടാകാം തന്നെ സ്ഥാനാര്‍ത്ഥിയായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ നിലവിലെ മുന്നണികള്‍ സാധരണക്കാരനെ ചൂഷണം ചെയ്യുകയാണ്. അവരുടെ ബലഹീനത മുതലെടുത്താണ് ഭരണം നടത്തുന്നത്. ഇടത് – വലത് മുന്നണികള്‍ അഴിമതിക്ക് ഒന്നിച്ചു നില്‍ക്കുകയാണെന്നും ശ്രീനിവാസന് പറഞ്ഞു.ഭക്ഷ്യകിറ്റ് വിതരണം കൊവിഡില്‍ ജോലി നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായെങ്കിലും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് അത് കൊടുക്കുന്നതെന്ന് നിഷേധിക്കാന്‍ സാധിക്കില്ലെന്നും ശ്രീനിവാസന് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ട് നേതാക്കള്‍ സമീപിച്ചിരുന്നെന്നും എന്നാല്‍ താന്‍ നിരാകരിക്കുകയായിരുന്നെന്നും ശ്രീനിവാസന് പറഞ്ഞു. പൊതുജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയസംവിധാനം മാറുമ്പോള്‍ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.