ഇന്ദ്രപ്രസ്ഥയിൽ കർഷകരോഷം ആളിക്കത്തി, ചെങ്കോട്ടയിൽ കൊടിയുയർത്തി സമരഭടന്മാർ ;
ട്രാക്ടറുകൾ തടഞ്ഞു; കല്ലേറ്, കണ്ണീർവാതകം, തെരുവു യുദ്ധം;
വെടി വെയ്പ്പിൽ ഒരു മരണം
ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തിൽ അവകാശ പോരാട്ട മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷം. നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. പൊലീസ് വെടിവയ്പിലാണ് കർഷകൻ മരിച്ചതെന്ന് കർഷകർ ആരോപിച്ചു. ട്രാക്ടർ മറിഞ്ഞാണ് മരണമെന്ന് പൊലീസ് പ്രതികരിച്ചു.
ചെങ്കോട്ടയിലും ഐടിഒയിലും കർഷകർ പ്രവേശിച്ചു. ചെങ്കോട്ടയിൽ കയറിയ കർഷകരെ തടയാൻ പൊലീസിന് കഴിഞ്ഞില്ല. ചെങ്കോട്ട കീഴടക്കിയ കർഷകർ പതാക സ്ഥാപിച്ചു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കർഷകരെത്തി.
പലയിടത്തും മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു.
ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകൾ ഉപേക്ഷിച്ച് കർഷകർ പിൻവാങ്ങി.
നഗരഹൃദയമായ ഐടിഒയിൽ കർഷകരെ തുരത്താൻ പൊലീസ് ശ്രമം തുടരുകയാണ്. ട്രാക്ടറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ മറികടന്ന് കർഷകർ മുന്നോട്ടു നീങ്ങിയതോടെ റോഡിൽ കുത്തിയിരുന്ന് പൊലീസ് പ്രതിരോധം തീർക്കാൻ ശ്രമിച്ചു. കർഷകരും പൊലീസും തമ്മിൽ കല്ലേറുണ്ടായി. സെൻട്രൽ ഡൽഹിയിൽ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനം തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
അതേസമയം, നഗരത്തിലേക്കു പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബികെയു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
നേരത്തെ, ഹരിയാന അതിർത്തിയായ കർനാലിൽ എത്തിയ കർഷകർ ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്കു ശേഷം സിംഘുവിലേക്കു മടങ്ങി. രാവിലെ സിംഘുവിൽനിന്ന് ആരംഭിച്ച മാർച്ച് കർനാലിൽ അവസാനിപ്പിച്ചാണ് കർഷകർ മടങ്ങിയത്. സിംഘുവിൽ നിന്നുള്ളവർ ബാരിക്കേഡുകൾ തകർത്ത് ജി.ടി. റോഡു വരെ എത്തിയിരുന്നു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്ടർ മാർച്ച് എത്തി.
നേരത്തെ, പൊലീസ് ബാരിക്കേഡ് മറികടന്ന് നടത്തിയ ട്രാക്ടർ മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തത്. സംഘർഷത്തിൽ ഏതാനും പൊലീസുകാർക്ക് പരുക്കേറ്റു. ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ പാണ്ഡവ് നഗറിനു സമീപം കർണാൽ ബൈപാസിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കർഷകർ മറികടന്നു.
മുൻകൂർ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കർഷക മാർച്ച് ആരംഭിച്ചത്. റിപ്പബ്ലിക് ദിന പരേഡിനുശേഷം 11 മണിയോടെ കർഷക മാർച്ച് ആരംഭിക്കാനായിരുന്നു നേരത്തെ അനുമതി നൽകിയിരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പാതയിൽനിന്നു വ്യതിചലിച്ച് രാവിലെ എട്ടു മണിയോടെ മാർച്ച് ആരംഭിച്ചിരുന്നു.