കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ ഇൻഡോർ സ്റ്റേഡിയം ഒരുങ്ങുന്നു,
ചിലവ് ആറുകോടി
കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിലെ ഇൻഡോർ സ്റ്റേഡിയം പണി പൂർത്തിയാകുന്നു. കായികപ്രേമികൾ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്ന പദ്ധതി പൂർത്തിയാകാൻ ഇനി മാസങ്ങൾ മാത്രം. കാസർകോട് വികസന പാക്കേജിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. ജില്ലയുടെ കായിക പിന്നോക്കാവസ്ഥക്ക് പരിഹാരമായി പ്രഭാകരൻ കമീഷൻ വിഭാവനം ചെയ്തതാണ് ഇൻഡോർ സ്റ്റേഡിയം. അവയുടെ ശാസ്ത്രീയ പഠനത്തിനുള്ള സജ്ജീകരണത്തോടെയാണ് രണ്ടുനില സ്റ്റേഡിയം.
ആറുകോടി ചെലവിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ വിവിധ സൗകര്യങ്ങളുണ്ട്. താഴത്തെ നിലയിൽ ഏഴുവരി ട്രാക്കും ആറുമീറ്റർ നീളമുള്ള ഗ്യാലറി ഇരുവശത്തും ഉണ്ടാകും. വോളിബോൾ, ബാസ്കറ്റ്ബോൾ, ഹാൻഡ്ബോൾ, ബാഡ്മിന്റൺ കോർട്ടുകളും ഇവിടെയാണ്. കൂടാതെ ഡ്രസ്ചേഞ്ചിങ് റൂം, ലോബി, ഓഫീസ്, ഡോർമിറ്ററി, സ്റ്റോർറൂം താഴത്തെ നിലയിലാണ്. മുകളിലത്തെ നിലയിൽ വിഐപി ഗ്യാലറിക്കു പുറമെ ജിംനേഷ്യം, ഡ്രസ്സിങ് റും, ഗസ്റ്റ് റൂം എന്നിവ ഉണ്ടാകും. ഈവർഷം തന്നെ പൂർത്തിയാക്കുമെന്ന് വികസനപാക്കേജ് നോഡൽ ഓഫീസർ ഇ പി രാജ്മോഹൻ പറഞ്ഞു.