കാസർകോട് : സംസ്ഥാന വനിത കമീഷൻ അദാലത്തിൽ അഞ്ച് പരാതികളിൽ തീർപ്പാക്കി. മൂന്ന് പരാതികളിൽ വിവിധ സർക്കാർ വകുപ്പുകളുടെ റിപ്പോർട്ട് തേടി. 30 കേസുകളാണ് പരിഗണിച്ചത്. പുതുതായി ലഭിച്ച രണ്ട പരാതികൾ ഉൾപ്പെടെ 24 പരാതികൾ അടുത്ത സിറ്റിങ്ങിൽ പരിഗണിക്കും.
വനിതാ കമീഷൻ മുമ്പാകെ ഹാജരാകേണ്ടിയിരുന്ന പഴയങ്ങാടി സിഐയുടെ അവധി കത്തുമായി എത്തിയ സിവിൽ പൊലീസ് ഓഫീസർ കമീഷനെ ധിക്കരിച്ച് പോയതിൽ ഇയാൾ അടുത്ത സിറ്റിങിൽ നേരിട്ട് ഹാജരാകാൻ കമീഷൻ നിർദേശിച്ചു. ഇയാൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ബദിയടുക്കയിൽ ജോലി നോക്കവെയുള്ള പരാതിയിൽ സിഐയും ഹാജരാകണം. മാനസിക വൈകല്യമുള്ള കാസർകോട് ഉപ്പള സ്വദേശി 2010 ൽ ജാർഖണ്ഡ് സ്വദേശിനിയെ ഡോക്ടർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ് പരാതി പരിഗണിച്ചു.
ഇയാൾ മരിച്ചതിനെത്തുടർന്ന് ഭർത്താവിന്റെ ബന്ധുക്കൾ അവഗണിക്കുകയും സ്വത്തുക്കളും അർഹമായ അവകാശങ്ങളും നൽകുന്നില്ലെന്ന് കാണിച്ച് ജാർഖണ്ഡ് സ്വദേശിനി നൽകിയ പരാതിയിൽ ഭർത്താവിന്റെ മാതാപിതാക്കളോട് അടുത്ത സിറ്റിങിൽ ഹാജരാകാൻ നിർദേശിച്ചു. അവിവാഹിതയായ പെൺകുട്ടിക്കെതിരെ വ്യാജ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കി അപകീർത്തിപ്പെടുത്തുന്നുവെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സൈബർസെല്ലിനോട് ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് ചെലവിനു നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിൽ കമ്മീഷൻ 3000 രൂപ പ്രതിമാസം ഭാര്യക്ക് ചെലവിന് നൽകാൻ ആവശ്യപ്പെട്ടു. നേരത്തെ നൽകാനുള്ള 3000 രൂപ സിറ്റിങ്ങിൽ വാങ്ങി നൽകി. മകൻ മദ്യപിച്ചു ദേഹോപദ്രവം ഏൽപ്പിക്കുന്നുവെന്ന 65 കാരിയുടെ പരാതിയിൽ മകന് താക്കീത് നൽകി പറഞ്ഞയച്ചു.
മേലിൽ മദ്യപിക്കരുതെന്നും അമ്മയെ ഉപദ്രവിക്കരുതെന്നും ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ നിയമ നടപടിയെടുക്കുമെന്നും കമീഷൻ മുന്നറിയിപ്പ് നൽകി. ഭർത്താവിൽ നിന്ന് ചെലവിന് ലഭിക്കുന്നില്ലെന്ന രണ്ടാം ഭാര്യയുടെ പരാതി കമീഷൻ ഫയലിൽ സ്വീകരിച്ചു. അംഗങ്ങളായ ഷാഹിദ കമാൽ, ഇ എം രാധ, വനിതാ കമ്മീഷൻ പാനൽ അഡ്വ. എ പി ഉഷ, വനിതാ സെൽ എസ്ഐ ശാന്ത എന്നിവർ അദാലത്തിൽ പങ്കെടുത്തു.