പക്ഷികള്‍ക്ക് കൈവെളളയില്‍ തീറ്റ നല്കി; ക്രിക്കറ്റ് താരം ശിഖര്‍ ധവാന് വിവാദത്തില്‍, കേസെടുക്കും
ലക്നൗ: പക്ഷികള്‍ക്ക് കൈവെളളയില്‍ തീറ്റ നല്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ ശിഖര്‍ ധവാനെതിരെ കേസെടുക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ വച്ച് നടത്തിയ ഒരു ബോട്ട് യാത്രക്കിടെയാണ് ധവാന് പക്ഷികള്‍ക്ക് തീറ്റ നല്‍കിയത്.പക്ഷികള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രം ധവാന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രം പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്. ധവാനെ കൂടാതെ താരം യാത്ര ചെയ്ത ടൂറിസ്റ്റ് ബോട്ടിന്റെ ഉടമയ്ക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.
പക്ഷികള്‍ക്ക് തീറ്റ നല്കുന്നതില് നിന്ന് ടൂറിസ്റ്റുകളെ തടയണമെന്ന് ഇവര്‍ക്ക് പൊലീസും ജില്ലാ ഭരണകൂടവും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുളളതാണെന്നും ഇതില്‍ അവര്‍ വീഴ്ച വരുത്തി എന്നും വാരണാസി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുളളത്. കേരളം, ഹരിയാന, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.