കാഞ്ഞങ്ങാട്∙ ബില്ലടയ്ക്കാൻ അധികൃതർ മറന്നു. വില്ലേജ് ഓഫിസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. കാസർകോട് ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ ഫ്യൂസാണ് ബിൽ അടക്കാത്തതിനെ തുടർന്നു കെഎസ്ഇബി ഊരിയത്. സാധാരണ അതത് വില്ലേജ് ഓഫിസ് അധികൃതരാണ് വൈദ്യുതി ബിൽ അടയ്ക്കുന്നത്.
എന്നാൽ, കെഎസ്ഇബി ബില്ലിങ്ങിൽ കേന്ദ്രീകൃത സംവിധാനം വന്നതോടെ എല്ലാ വില്ലേജ് ഓഫിസുകളുടെയും ബിൽ കലക്ടറേറ്റിൽ നിന്ന് അടക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് വില്ലേജ് ഓഫിസർമാർ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടർ തീരുമാനമെടുത്തെങ്കിലും ഓഫിസ് നടപടികൾ പൂർത്തിയായിരുന്നില്ല.
ഇന്നലെ കെഎസ്ഇബി അധികൃതർ വന്നു ഫ്യൂസ് ഊരിയപ്പോഴാണ് ബിൽ അടച്ചില്ലെന്ന കാര്യം അധികൃതർ അറിയുന്നത്. ഉടൻ തന്നെ സെപ്റ്റംബർ മാസത്തെ ബിൽ അതതു വില്ലേജ് ഓഫിസർമാർ തന്നെ അടക്കാനുള്ള നിർദേശം വന്നു. പണം അടച്ച വില്ലേജ് ഓഫിസുകളുടെ വൈദ്യുതി ബന്ധം വൈകിട്ടോടെ കെഎസ്ഇബി പുനഃസ്ഥാപിച്ചു.