സേവനങ്ങൾ വാതിൽപ്പടിയിൽ’ ഒരു ഫോൺ കോളിൽ കണക്ഷൻ; കെ എസ് ഇ ബി കൂടുതൽ സ്മാർട്ട് ആകുന്നു ‘
തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഇനി കെഎസ്ഇബി ഓഫീസിൽ കയറിയിറങ്ങേണ്ട. ഒരു ഫോൺ കോളിൽ കണക്ഷനടക്കമുള്ള മുഴുവൻ സേവനങ്ങളും അതിവേഗം ലഭ്യമാക്കുകയാണ് കെഎസ്ഇബി. ഇതിനായി ‘സേവനങ്ങൾ വാതിൽപ്പടിയിൽ’ പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും.
ആദ്യ ഘട്ടത്തിൽ പുതിയ എൽടി കണക്ഷനുകൾക്ക് അപേക്ഷിക്കുന്നവർക്കും നിലവിലെ എൽടി ഉപയോക്താക്കൾക്കുമാണ് ഈ സൗകര്യം. ഫെബ്രുവരി രണ്ടാം വാരം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു. ആദ്യ ഘട്ടത്തിൽ എല്ലാ ഇലക്ട്രിക്കൽ ഡിവിഷനുകളിലും കുറഞ്ഞത് ഒരു ഇലക്ട്രിക്കൽ സെക്ഷനിലെങ്കിലും പദ്ധതി ആരംഭിക്കും. പ്രവർത്തനം വിലയിരുത്തിയ ശേഷം ജൂണിന് മുമ്പായി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സേവനം ഇങ്ങനെ
ഉപഭോക്തൃ സേവന കേന്ദ്രത്തിലെ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കണം. പുതിയ കണക്ഷനാണ് വേണ്ടതെങ്കിൽ അപേക്ഷൻ പേരും സ്വന്തം ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങളും നൽകണം. അപേക്ഷ ഉടൻ രജിസ്റ്റർ ചെയ്യും. രജിസ്ട്രേഷൻ നടന്നതായി വ്യക്തമാക്കുന്ന ഡോക്കറ്റ് നമ്പർ അപേക്ഷകന് ലഭിക്കും. പുതിയ കണക്ഷന് പുറമേ ഉടമസ്ഥാവകാശ മാറ്റം, കണക്ടഡ് ലോഡ്, കോൺട്രാക്ട് ലോഡ് ഫേസ്മാറ്റം, താരിഫ് മാറ്റം, വൈദ്യുതി ലൈൻ‐മീറ്റർ സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്കും ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
പേരിനും ഫോൺ നമ്പറിനും പുറമേ സെക്ഷന്റെ പേര്, കൺസ്യൂമർ നമ്പർ എന്നിവയും നൽകണം. സേവന കേന്ദ്രത്തിലെ ഓപ്പറേറ്റർ വിവരങ്ങൾ ശേഖരിച്ച് സെക്ഷൻ ഓഫീസിലേക്ക് കൈമാറും. അസിസ്റ്റന്റ് എൻജിനീയർ നടപടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഉദ്യോഗസ്ഥൻ അപേക്ഷകനെ വിളിച്ച് ലഭ്യമായ വിവരങ്ങൾ ശരിയെന്ന് ഉറപ്പാക്കും. സ്ഥല പരിശോധനയ്ക്ക് സൗകര്യപ്രദമായ തീയതി തീരുമാനിക്കും. അപേക്ഷകൻ കരുതേണ്ട രേഖകളെക്കുറിച്ചുള്ള വിവരങ്ങളും നൽകും. നിശ്ചിത തീയതിയിൽ ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ മൊബൈൽ ആപ് വഴി ശേഖരിക്കും. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും ആപ്പിൽ അപ്ലോഡ് ചെയ്യും. അംഗീകാരം ലഭിക്കുമ്പോൾ വിവരം അപേക്ഷകനെ എസ്എംഎസ്, ഇമെയിൽ വഴി അറിയിക്കും. തുടർന്ന് അപേക്ഷകന് ഓൺലൈനായോ, കൗണ്ടർ വഴിയോ ഫീസടയ്ക്കാം.