കാസർകോട്: റേഷൻകടയിൽനിന്ന് ലഭിച്ച ഭക്ഷ്യയോഗ്യമല്ലാത്ത അരിയുമായി മത്സ്യത്തൊഴിലാളിയായ വീട്ടമ്മ നിറകണ്ണുകളോടെ വില്ലേജ് ഓഫീസിലെത്തി. കാസർകോട് കുറുമ്പ ഭഗവതിക്ഷേത്രത്തിന് സമീപത്തെ 70 പിന്നിട്ട ഉണ്ണിനാരായണിയാണ് പരാതിയുമായെത്തിയത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സഞ്ചിയിൽ അരിയുമായി കാസർകോട് വില്ലേജ് ഓഫീസിലെത്തിയത്. സ്പെഷ്യൽ വില്ലേജ് ഓഫീസർ സത്യനാരായണയും മറ്റുജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായെത്തിയവരും ഓഫീസിലുണ്ടായിരുന്നു.
കട്ടയും ചെറുകല്ലുകളും പ്രാണികളും നിറഞ്ഞ അരി നാരായണി സഞ്ചിയിൽനിന്ന് തറയിലിട്ടു. ’ഇതെങ്ങനെ ബെച്ചിറ്റ് പുള്ളേർക്ക് കൊടുക്കും, നിങ്ങ പറ’ -ചോദ്യം കേട്ട് വില്ലേജ് ഓഫീസറും ജീവനക്കാരും തെല്ലൊന്നമ്പരന്നെങ്കിലും പിന്നീട് കാര്യം വ്യക്തമായി.
കാസർകോട് കടപ്പുറത്തെ 146-ാം നമ്പർ റേഷൻകടയിൽനിന്ന് വ്യാഴാഴ്ച രാവിലെ മകൾ ശ്രീജയ്ക്കൊപ്പമെത്തിയാണ് അരി വാങ്ങിയത്. എട്ടുകിലോവീതം പുഴുക്കലരിയും പച്ചരിയും നാലുകിലോ ഗോതമ്പും അരലിറ്റർ മണ്ണെണ്ണയുമാണ് വാങ്ങിയത്. ഭക്ഷ്യയോഗ്യമല്ലാത്ത പച്ചരി മാറ്റിനൽകാനാവശ്യപ്പെട്ടെങ്കിലും കടയുടമ നൽകിയില്ലെന്ന് നാരായണി പറയുന്നു. ഇതാണ് നാരായണിയെ ചൊടിപ്പിച്ചത്. തുടർന്ന് പച്ചരിയുമായി ഉണ്ണിനാരായണി നേരേ വില്ലേജ് ഓഫീസിലെത്തി.
വില്ലേജ് ഓഫീസിൽനിന്ന് അരിയുമായി നാരായണി പിന്നീട് താലൂക്ക് പൊതുവിതരണ ഓഫീസിലെത്തി. റേഷൻ ഇൻസ്പെക്ടർ സി.പി.ഉമ്മറിനൊപ്പം ഓട്ടോറിക്ഷയിൽ കടപ്പുറത്തെ റേഷൻകടയിലെത്തിയ നാരായണി ഭക്ഷ്യയോഗ്യമല്ലാത്ത അരി മാറ്റിവാങ്ങിയാണ് വീട്ടിലേക്കുതിരിച്ചത്.
എഫ്.സി.ഐ.യിൽനിന്ന് ഭക്ഷ്യയോഗ്യമാണെന്നുറപ്പുവരുത്തിയാണ് സാധനങ്ങൾ മൊത്തവിതരണകേന്ദ്രത്തിലും തുടർന്ന് റേഷൻ കടകളിലുമെത്തിക്കുന്നതെന്ന് താലൂക്ക് പൊതുവിതരണ ഓഫീസർ പി.കൃഷ്ണകുമാർ പറഞ്ഞു. എഫ്.സി.ഐ.യിലെ ക്വാളിറ്റി കൺട്രോളർക്കൊപ്പം ഇക്കാര്യം പരിശോധിച്ചുറപ്പുവരുത്തുന്നതിനുമാത്രമായി റേഷൻ ഇൻസ്പെക്ടറെയും ചുമതലപ്പെടുത്തുന്നുണ്ട്. ഒരുസാഹചര്യത്തിലും ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ കാർഡുടമകൾക്ക് നൽകരുതെന്ന് പ്രത്യേകം നിർദേശിച്ചതായും ഇക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുണമേന്മയില്ലാത്ത അരി നൽകരുതെന്ന നിർദേശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് റേഷൻകടയിലുണ്ടായിരുന്ന ഉദയൻ പറഞ്ഞു. 100 ചാക്കുകളിൽ ഒന്നോ രണ്ടോ അല്പം മോശമായുണ്ടാകാമെന്നും ഉദയൻ കൂട്ടിച്ചേർത്തു.