കാട്ടുപന്നിയെ കൊന്ന് ഇറച്ചി വീതം വെച്ച നായാട്ടു സംഘം വനപാലകരുടെ പിടിയിൽ
രാജപുരം: കാട്ടുപന്നിയെ കേബിൾ കുടുക്ക് വെച്ച് കൊന്ന ശേഷം ഇറച്ചി വീതം വെക്കുകയായിരുന്ന നായാട്ടുസംഘത്തെ ഫോറസ്റ്റ് സ്ക്വാഡ് പിടികൂടി. ചെറുപനത്തടി കടമല താന്നിക്കാലിലെ കെ.രാഹുൽ (26), ജി.ശ്രീജിത്ത് (25), ബി.പ്രഭാകരൻ (44), കെ.കുമാരൻ (41) ബി.സത്യൻ (42), എ.സജീവൻ (43) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ കാസർകോട് ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ പി.രതീഷിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഒ.സുരേന്ദ്രൻ, കെ.രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.ഹരി, കെ.വി.വീണ എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ പ്രതികളുടെ വീടുകളിൽനിന്നും സമീപത്തെ ഷെഡിൽ നിന്നുമാണ് മൂന്ന് ഓഹരികളായി സൂക്ഷിച്ച 20 കിലോ പന്നിയിറച്ചി പിടികൂടിയത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കുടുക്കിലകപ്പെട്ട പന്നിയെ നായാട്ടുസംഘം കല്ല് തലയ്ക്കിട്ട് കൊല്ലുകയായിരുന്നു.കാഞ്ഞങ്ങാട് റേഞ്ച് ഓഫീസർക്ക് കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു