89 വോട്ടിന് കൈവിട്ടുപോയ മഞ്ചേശ്വരം പിടിക്കാന്‍ രണ്ടുദിവസത്തെ പഠനശിബിരം നടത്തി ബി ജെ പി, തന്ത്രങ്ങള്‍ മെനയാന്‍ എത്തിയത് സംസ്ഥാന നേതാക്കള്‍
കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സ്വപ്ന മണ്ഡലമായ മഞ്ചേശ്വരം പിടിക്കാന്‍ പറ്റിയ നവാഗത സ്ഥാനാര്‍ത്ഥിയെ തേടുകയാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. 2016 ല്‍ വെറും 89 വോട്ടിന് കൈവിട്ടുപോയ മണ്ഡലം പിടിക്കാന്‍ പ്രാദേശികവാദവും ഭാഷാപരമായ വികാരവും പരിഗണിക്കണമെന്ന് ബി.ജെ.പി നേതൃത്വം കണക്കുകൂട്ടുന്നു. അതിനെല്ലാം പുറമെ പൊതുസമ്മത സ്ഥാനാര്‍ത്ഥിയെ ഇത്തവണ മഞ്ചേശ്വരത്ത് പരീക്ഷിക്കണമെന്ന അഭിപ്രായവും ശക്തമാണ്.മഞ്ചേശ്വരം മണ്ഡലക്കാരായ സ്ഥാനാര്‍ത്ഥികള്‍ തന്നെ ഇക്കുറി വേണമെന്ന അഭിപ്രായത്തിന് പാര്‍ട്ടിയില്‍ മുന്‍തൂക്കം ലഭിച്ചിട്ടുണ്ട്. ബി.ജെ.പി മണ്ഡലം കമ്മറ്റിയും പഞ്ചായത്ത് കമ്മിറ്റികളും ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്തുകഴിഞ്ഞു. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നതിനായി മണ്ഡലത്തിലെ പ്രമുഖരായ ഏതാനും നേതാക്കളുടെ പേരുകളും ബി.ജെ. പി പ്രവര്‍ത്തകര്‍ മുന്നോട്ടുവെക്കുന്നുണ്ട്.1996 ല്‍ നിയമസഭയിലേക്കും 2004 ല്‍ ലോക്സഭയിലേക്കും മത്സരിച്ച സംസ്ഥാന സമിതി അംഗം അഡ്വ. ബാലകൃഷ്ണ ഷെട്ടി, എന്മകജെ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിരവധി തവണ ജനപ്രതിനിധിയും മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റുമായ രൂപവാണി ആര്. ഭട്ട്, ബി.ജെ.പി ഉത്തരമേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ സെക്രട്ടറി വിജയകുമാര്‍ റൈ, അഡ്വ. നവീന്‍ രാജ് എന്നിവരില്‍ ആരെയെങ്കിലും മത്സരിപ്പിക്കണമെന്ന വാദമാണ് ബി.ജെ.പിയില്‍ ഉയരുന്നത്. 1996 ന് ശേഷം മണ്ഡലക്കാരനായ ഒരാള്‍ മഞ്ചേശ്വരത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിട്ടില്ലെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടിനാണ് മുസ്ലിംലീഗിലെ എം.സി. ഖമറുദ്ദീന് പരാജയപ്പെടുത്തിയത്. 2019 ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന് ലഭിച്ച ഭൂരിപക്ഷം 11,113 വോട്ടായിരുന്നു. ഓരോ വോട്ടിനും വിലയുള്ള മണ്ഡലമെന്ന നിലയില്‍ നാട്ടുകാരെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. വോര്‍ക്കാടി, മീഞ്ച, പൈവളികെ, എന്മകജെ പഞ്ചായത്തുകള്‍ ബി.ജെ.പിക്ക് നല്ല സ്വാധീനമുള്ള പ്രദേശങ്ങളാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളില്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയതും പ്രവര്‍ത്തകര്‍ എടുത്തുപറയുന്നു.മണ്ഡലം പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിന് ഹൊസങ്കടിയില്‍ ബി.ജെ.പി സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്ത രണ്ടുദിവസത്തെ പഠനശിബിരം നടത്തിയിരുന്നു. വോട്ടര്‍പട്ടികയില്‍ പരമാവധി പേര് ചേര്‍ക്കുന്ന കാര്യവും സോഷ്യല്‍ മീഡിയയിലെ സജീവ പങ്കാളിത്തവും ഉറപ്പുവരുത്തണമെന്ന നിര്‍ദ്ദേശമാണ് നേതൃത്വം മുന്നോട്ടുവെച്ചത്. പി.കെ കൃഷ്ണദാസ്, സി.കെ പത്മനാഭന്, പി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ശിബിരത്തില്‍ പങ്കെടുത്തിരുന്നു.