റിയാദിനെ ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം, ആക്രമിച്ചത് ഹൂതികളല്ല പുതിയ സംഘം ? . സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് യമനിലെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തി എന്ന് സൗദി സഖ്യസേന അറിയിച്ചെങ്കിലും അത് നിഷേധിച്ച് ഹൂതി വിമതര്‍. സാധാരണ ആക്രമണം നടത്തിയാല്‍ ഹൂത്തികള്‍ ഇക്കാര്യം പരസ്യമാക്കാറുണ്ട്. എന്നാല്‍ പുതിയ സംഭവം നിഷേധിക്കുകയായിരുന്നു അവര്‍.
യമനില്‍ നിന്ന് റിയാദിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നു എന്ന് സൗദി സര്‍ക്കാര്‍ ചാനലായ അല്‍ ഇക്ബരിയ്യ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദിയിലേക്ക് ആക്രമണം നടത്തിയിട്ടില്ല എന്നാണ് ഹൂതി സൈനിക വക്താവ് അറിയിച്ചത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ സംഘം രംഗത്തുവന്നു. അല്‍വിയ അല്‍വഅദ് അല്‍ഹഖ് എന്ന സംഘടനയാണ് രംഗത്തുവന്നത്. ടെലഗ്രാം വഴിയാണ് ഇവര്‍ അവകാശവാദം ഉന്നയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.