കോഴിക്കോട് : സമസ്തയെ തകർക്കാനും പിളർത്താനും മുസ്ലിംലീഗ് ശ്രമിക്കുന്നുവെന്ന പരാതിയുമായി സമസ്തയുടെ പോഷകസംഘടനാ നേതാക്കൾ. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) ഉന്നതാധികാര സമിതി മുശാവറയ്ക്ക് (പണ്ഡിതസഭ) മുമ്പാകെയാണ് കുറ്റപത്രം നൽകിയത്. മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിലും സമുദായത്തിനകത്തും സംഘടനയെ അപമാനിക്കാൻ ലീഗിലെ ചില നേതാക്കൾ ശ്രമിക്കുന്നുവെന്നാണ് കുറ്റപത്രത്തിലുള്ളത്. ലീഗ് സംസ്ഥാന ഭാരവാഹിയടക്കമുള്ളവരുടെ പേരെടുത്ത് പറഞ്ഞ് പത്തോളം നേതാക്കളാണ് പരാതി നൽകിയത്.
സമസ്തയിൽ വിഭാഗീയ പ്രവർത്തനമാണ്, സംഘടനാസംവിധാനം അസ്ഥിരമാണ് എന്നുള്ള പ്രചാരണം നടത്തുന്നതായാണ് പ്രധാന പരാതി. 1980-ലുണ്ടായ പിളർപ്പിന് സമാന സാഹചര്യമെന്നും പ്രചരിപ്പിക്കുന്നു.
സമസ്തക്കെതിരെ കോഴിക്കോട്ട് വിഭാഗീയ യോഗം സംഘടിപ്പിച്ചതടക്കം വിശദീകരിക്കുന്നുണ്ട്. ഫേസ്ബുക്കിലും ചാനൽ ചർച്ചകളിലും സമസ്തയെ വലിച്ചിഴയ്ക്കുന്നു, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ല്യാർ, മുശാവറ അംഗം മുക്കം കെ ഉമർഫൈസി എന്നിവരെ മോശമായി ചിത്രീകരിക്കുന്നു, ഉമർഫൈസി കോടാലിക്കൈയെന്ന് ആക്ഷേപിച്ചു, മുഖപത്രമായ സുപ്രഭാതത്തിന്റെ സർക്കുലേഷൻ തകർക്കാനും ശ്രമമുണ്ടാകുന്നു തുടങ്ങി സംസ്ഥാന വൈസ്പ്രസിഡന്റ് എം സി മായിൻഹാജിയുടെയടക്കം പേരെടുത്ത് പറഞ്ഞാണ് വിമർശനങ്ങൾ.