കൊച്ചി > അഴിമതി ആരോപണത്തെ തുടർന്ന് മുൻ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായിരുന്ന ടി സി മാത്യുവിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. അംഗത്വം റദ്ദാക്കണമെന്ന ഓംബുഡ്സ്മാൻ നിർദേശത്തിന് കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ ബോഡി അംഗീകാരം നൽകുകയായിരുന്നു.
ടി സി മാത്യു അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ ക്രിക്കറ്റ് അസോസിയേഷനിൽ കോടികളുടെ അഴിമതി നടന്നതായി കെസിഎ നിയമിച്ച അന്വേഷണ കമീഷൻ കണ്ടെത്തിയിരുന്നു. തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്റ്റേഡിയ നിർമാണത്തിൽ വൻ ക്രമക്കേട് നടന്നുവെന്നാണ് പ്രധാന കണ്ടെത്തൽ.
ടി സി മാത്യുവും ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുൻ സെക്രട്ടറിയും മുൻ കെസിഎ പ്രസിഡന്റുമായ ബി വിനോദും ഉൾപ്പെട്ട സംഘം സ്റ്റേഡിയ നിർമാണവുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകൾ നടത്തിയെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന പരാമർശം. ഈ കണ്ടെത്തലുകൾ ഓംബുഡ്സ്മാൻ ശരിവച്ചു.
സ്റ്റേഡിയം നിർമാണത്തിന്റെ മറവിൽ വ്യാജരേഖകളുണ്ടാക്കി 46 ലക്ഷം രൂപയുടെ പാറ പൊട്ടിച്ച് കടത്തി. ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമല്ലെന്ന് അറിഞ്ഞിട്ടും ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും കേരള ക്രിക്കറ്റ് അസോസിയേഷനെയും തെറ്റിധരിപ്പിച്ചാണ് പാറപ്പൊട്ടിച്ചതെന്നും അന്വേഷണ കമീഷൻ കണ്ടെത്തിയിരുന്നു. അസോസിയേഷൻ ഗസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതടക്കമുള്ള കണ്ടെത്തലുകളും ഓംബുഡ്സമാൻ ശരിവച്ചിരുന്നു. ഇതേ തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്തത്.
ഓംബുഡ്സ്മാന്റെ കണ്ടെത്തൽ ടി സി മാത്യു നിഷേധിച്ചിരുന്നു. തന്റെ ഭാഗം കേൾക്കാതെയാണ് ഓംബുഡ്സ്മാൻ തീരുമാനം എടുത്തതെന്നും അടിസ്ഥാന രഹിതവും കെട്ടിച്ചമച്ചതുമാണ് റിപ്പോർട്ടിലെ പരാമർശങ്ങളെന്നും ടി സി മാത്യു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടി സി മാത്യു ഹൈക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുന്നുണ്ട്.
കോടതി സ്റ്റേ നടപടികളിലേക്ക് കടക്കാത്തതിനാൽ പുറത്താക്കലുമായി മുന്നോട്ടു പോവാൻ കെസിഎ വാർഷിക യോഗം തീരുമാനിക്കുകയായിരുന്നു. അതേസമയം ഇപ്പോഴത്തെ ഭരണസമിതിക്കും മുൻ ഭരണസമിതിക്കുമെതിരേ ഉയർന്ന അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നതായും വിവരമുണ്ട്.