കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ ജയിലിലടച്ചു
തിരൂര്‍: എട്ടുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോയ യുവതി കോടതി റിമാന്റ് ചെയ്തു. വഞ്ചനാകേസിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും അറസ്റ്റിലായ തിരൂര്‍ സ്വദേശിനിയായ 27കാരിയെ ആണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
തൃശ്ശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി അമ്ബലത്ത് വീട്ടില്‍ ഹാരിസ് എന്നയാളുടെ കൂടെയാണ് ഇവര്‍ പോയത്. ഹാരിസ്, ജ്യേഷ്ഠന് റഫീഖ് എന്നിവര്‍ നടി ഷംനകാസിമിനെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസിലും സമാനമായ നിരവധി കേസുകളിലും പ്രതികളാണ്. സ്ത്രീകളെ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി. യുവതി ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെ കൈയില്‍നിന്ന് 15 പവന് സ്വര്‍ണാഭരണം വാങ്ങിയാണ് പോയത്.
തിരൂര്‍ എസ്.ഐ. ജലീല്‍ കറുത്തേടത്ത് ആണ് ഭര്‍ത്തൃപിതാവിന്റെയും ഭര്‍ത്തൃസഹോദരന്റെ ഭാര്യയുടെയും പരാതിയില്‍ യുവതിയെ അറസ്റ്റു ചെയ്തത്. ഹാരിസിനെയും സഹായങ്ങള്‍ചെയ്ത സഹോദരന് റഫീഖിനെയും പോലീസ് തിരയുന്നുണ്ട്. ആലുവ, ചേറ്റുവ എന്നിവിടങ്ങളില്‍ ബന്ധുവീടുകളില്‍ കൊണ്ടുപോയാണ് ഇവര്‍ യുവതിയെ താമസിപ്പിച്ചത്. ഹാരിസിനും സഹോദരനും എതിരെ കയ്പമംഗലം, വാടാനപ്പള്ളി, മരട് , കാക്കനാട്, എറണാകുളം ടൗണ്‍ പോലിസ് സ്റ്റേഷനുകളില്‍ 20 ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.