ലീഗ് വന്നത് 18 എംഎല്‍എമാരുമായി, ഇപ്പോള്‍ പതിനഞ്ചര, അര എംഎല്‍എയായത് കെ എം ഷാജി, രണ്ട് പേർ ജയിലിൽ, പരിഹാസവുമായി സിപിഎം മുഖപത്രം
തിരുവനന്തപുരം: ഇന്നലെ അവസാനിച്ച നിയമ സഭ തുടങ്ങിയപ്പോള്‍ 18 എംഎല്‍എമാര്‍, തീരുമ്പോള്‍ ‘പതിനഞ്ചര’എംഎല്‍എമാര്‍. രണ്ടുപേര്‍ ജയിലില്‍. മൂന്നാമതൊരാള്‍ വര്‍ഗീയപ്രചാരണം നടത്തിയ കുറ്റത്തിന് ‘അര എംഎല്‍എ’യായി. പതിനാലാം കേരള നിയമസഭയുടെ അവസാനസമ്മേളനം കഴിഞ്ഞ് വെള്ളിയാഴ്ച പിരിഞ്ഞപ്പോള്‍ മുസ്ലിംലീഗ് പടിയിറങ്ങുന്നത് അങ്ങേയറ്റം നാണംകെട്ട്.
അഴിമതിക്കേസില്‍ മാസങ്ങളായി അകത്താണ് എംഎല്‍എമാരായ എം സി ഖമറുദ്ദീനും വി കെ ഇബ്രാഹിംകുഞ്ഞും. ലീഗ് നിയമസഭാകക്ഷി ഉപനേതാവായ ഇബ്രാഹിംകുഞ്ഞ് സഭ കണ്ടിട്ട് കാലങ്ങളായി. പാലാരിവട്ടം പാലം അഴിമതിക്കേസ് പ്രതിയാണീ മുന്‍മന്ത്രി. മഞ്ചേശ്വരത്തുനിന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ഖമറുദ്ദീനാകട്ടെ സഭയില്‍ പങ്കെടുത്തതിലുമധികം കാലം ജയിലിലെന്ന റെക്കൊര്‍ഡിലേക്ക് പോകകുയാണ്. ഫാഷന്‍ഗോള്‍ഡ് സ്വര്‍ണത്തട്ടിപ്പില്‍ പ്രതിയായ ഖമറൂദ്ദീനെതിരെ എത്ര കേസെന്ന് ലീഗ് നേതൃത്വത്തിനുകൂടി നിശ്ചയമില്ല.
‘അര എംഎല്‍എ’യായ കെ എം ഷാജി നിയമസഭാകക്ഷി ട്രഷററാണ്. വര്‍ഗീയപ്രചാരണം നടത്തിയതിന് ഹൈക്കോടതി അയോഗ്യനാക്കിയ ഷാജിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനും രജിസ്റ്ററില്‍ ഒപ്പിടാനുമേ അവകാശമുള്ളൂ. എന്നാല്‍ ഷാജിയും അവസാനസമ്മേളനത്തിലുണ്ടായില്ല. പ്ലസ്ടു കോഴക്കേസില്‍ ഇഡിയും വിജിലന്‍സും ചോദ്യംചെയ്തു. എന്ന് അറസ്റ്റിലാകുമെന്ന ആശങ്കയിലാണിപ്പോള്‍.
ഇതിലും ദയനീയമാണ് കക്ഷിനേതാവായ എം കെ മുനീറിന്റെ അവസ്ഥ. സ്വത്ത് സമ്പാദനക്കേസില്‍ ഭാര്യയെ ഇഡിക്ക് മുന്നില്‍ ഹാജരാക്കിയശേഷമായിരുന്നു മുനീര്‍ സഭാസമ്മേളനത്തിന് തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. തിരിച്ച് കോഴിക്കോട്ട് വണ്ടിയിറങ്ങുമ്പോള്‍ ഇഡിയോ അതോ വിജിലന്‍സോ, ആരു പിടിക്കുമെന്ന ഭീതിയിലാണ് പ്രതിപക്ഷ ഉപനേതാവ് കൂടിയായ മുനീര്‍. ഷാജിയുടെ കേസില്‍ ഇഡി വിളിപ്പിച്ച ടി വി ഇബ്രാഹിമും പി കെ ബഷീറടക്കം കേസും പൊല്ലാപ്പുമായി ലീഗിന് തലവേദനയായ എംഎല്‍എമാര്‍ വേറെയുമുണ്ട്.