കാവുഞ്ചിറ കൃത്രിമ ദ്വീപിൽ മിയാവാക്കി വനവത്കരണ പദ്ധതിയുമായി ടൂറിസം വകുപ്പ്
ചെറുവത്തൂർ: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാവുഞ്ചിറ പുഴയില്‍ സൃഷ്ടിച്ച കൃത്രിമ ദ്വീപില്‍ കേരള സര്‍ക്കാറിൻെറ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ‘മിയാവാക്കി’ വനവത്കരണ പദ്ധതി ആരംഭിക്കുന്നു. എം. രാജഗോപാലന്‍ എം.എല്‍.എയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ കാസർകോട് ജില്ലയില്‍ മിയാവാക്കി പദ്ധതിക്ക് ദ്വീപ് തിരഞ്ഞെടുത്തത്. ഏറെ ടൂറിസം സാധ്യതയുള്ള ദ്വീപില്‍ പ്രാദേശിക ആവാസ വ്യവസ്ഥയിൽ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരം സൃഷ്ടിക്കുകയാണ് പദ്ധതികൊണ്ട് ടൂറിസം വകുപ്പ് ലക്ഷ്യംവെക്കുന്നത്. വളരെ കുറഞ്ഞ കാലയളവുകൊണ്ട് വളരെ ചെറിയ ഭൂമിയെ ഹരിതവനമാക്കി മാറ്റുന്ന രീതി കണ്ടുപിടിച്ചത് ജപ്പാനിലെ യോക്കോഹാമ യൂനിവേഴ്സിറ്റിയിലെ സസ്യശാസ്ത്രജ്ഞനായ അക്കീറ മിയാവാക്കിയാണ്. ഒരു സ്ക്വയർ മീറ്ററിൽ 110 കിലോയോളം ജൈവവളങ്ങൾ ചേർത്തുകൊടുത്തു നാലു മരത്തൈകൾ നടുകയും സൂര്യപ്രകാശം കിട്ടാൻ വേണ്ടി ഈ തൈകൾ മത്സരിച്ച് വളരുകയും ചെയ്യുന്നതാണ് പദ്ധതിയുടെ രീതി. പത്തു വർഷം കൊണ്ട് 30 വർഷത്തെയും 30 വർഷംകൊണ്ട് 100 വർഷത്തെയും വളർച്ചയെത്തി ഒരു നിബിഢവനമായി മാറും എന്നതാണ് മിയാവാക്കി മാതൃക വനത്തിലെ പ്രത്യേകത. അത്തി, പേരാൽ, മുള്ളുമുരുക്ക്, കാഞ്ഞിരം, മഞ്ചാടി, കുന്നിമണി, നെല്ലി, നീർമാതളം, അരയാൽ, പൂവരശ്, മാവ്, പ്ലാവ്, കണിക്കൊന്ന, രാമച്ചം, പതിമുഖം, ചാമ്പ, കരിങ്ങാലി, കൊക്കോ, ഏഴിലംപാല, ഇലഞ്ഞി, ഇലവ്, പ്ലാശ് തുടങ്ങിയവയോടൊപ്പം പക്ഷികളെയും ശലഭങ്ങളെയും ആകര്‍ഷിക്കുന്ന ഫലവൃക്ഷങ്ങളും ‘മിയാവാക്കി’യുടെ ഭാഗമായി ദ്വീപില്‍ െവച്ചുപിടിപ്പിക്കും. കൂടാതെ മലനാട് റിവര്‍ക്രൂയിസ് ടൂറിസം സർക്യൂട്ടില്‍ ഉള്‍പ്പെടുന്നതും പുലിമുട്ടിന് അഭിമുഖമായി നില്ക്കുന്നതുമായ കൃത്രിമ ദ്വീപിനെ ടൂറിസം സ്പോട്ടാക്കി മാറ്റുന്നതിന് എം.എല്‍.എയുടെ നിർദേശാനുസരണം ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ ഇതിൻെറ മാസ്റ്റർ പ്ലാന്‍ തയാറാക്കുന്നതിനായി ടൂറിസം വകുപ്പ് അംഗീകൃത ആര്‍ക്കിടെക്റ്റ് പ്രമോദ് പാര്‍ത്ഥനെ ചുമതലപ്പെടുത്തി. മറൈൻ അേക്വറിയം, സണ്‍സെറ്റ് പോയൻറ്, വാച്ച്ടവര്‍, ചില്‍ഡ്രൻസ് പാര്‍ക്ക്, ബോട്ട്ജട്ടി, റെയിന്‍ ഷെല്‍ട്ടര്‍, പ്രായമായവര്‍ക്കുള്ളവർക്ക് വാക്വേ, ബോട്ടിങ്, ഫുഡ്കോര്‍ട്ട് തുടങ്ങി ഒരു ദിവസം പൂര്‍ണമായി വിനിയോഗിക്കാൻ കഴിയുംവിധമുള്ള പദ്ധതിയാണ് തയാറാകുന്നത്. ഇതിൻെറ ഭാഗമായി ആര്‍ക്കിടെക്റ്റും ടൂറിസം അധികൃതരും വരുന്ന ദിസവങ്ങളില്‍ ദ്വീപ് സന്ദര്‍ശിക്കുമെന്നു എം.രാജഗോപാലന്‍ എം.എൽ.എ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിൻെറ ഭാഗമായി, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) സെക്രട്ടറി ബിജു രാഘവൻ, ഡി.ടി.പി.സി മാനേജർ പി. സുനിൽ കുമാർ, സൈറ്റ് സൂപ്പർവൈസർ കെ.ബി. ഗണേഷ്, സൈറ്റ് കോഒാഡിനേറ്റർ വി.കെ. ഷാഹിന എന്നിവർ സ്ഥല പരിശോധന നടത്തി.