മുത്തൂറ്റ് ഫിനാൻസിലെ തോക്ക് ചൂണ്ടി കവർച്ച; നാല് മോഷ്ടാക്കൾ പിടിയിൽ, സ്വർണം കണ്ടെടുത്തു
ചെന്നൈ : തമിഴ്നാട് ഹൊസൂരിലെ മുത്തൂറ്റ് ശാഖയിൽ നടന്ന കൊളളയിൽ നാല് പേർ പിടിയിൽ. ഹൈദരാബാദിൽ നിന്നാണ് നാലംഗ സംഘം പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു തമിഴ്നാട്ടിലെ കൃഷ്ണഗിരിക്കടുത്ത് ഹൊസൂരിൽ നാടിനെ നടുക്കിയ വൻ കവർച്ച നടന്നത്. പ്രതികളിൽ രണ്ട് പേരെ ഇനിയും പിടികൂടാനുണ്ട്.പ്രതികളെ പിടികൂടാനായി വിവിധ സംസ്ഥാനങ്ങളുമായി സഹകരിച്ചായിരുന്നു തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തിയത്. ജീവനക്കാരുടെ മൊഴി അടിസ്ഥാനമാക്കിയും സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കൊളളസംഘം പിടിയിലായത്. ഇന്നലെ തന്നെ പ്രതികൾ സംസ്ഥാനം വിട്ടുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പ്രതികളെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കും. പ്രതികൾ കവർച്ച നടത്തിയ സ്വർണവും അതിനായി ഉപയോഗിച്ച സാമഗ്രികളും ഉൾപ്പടെയുളളവ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കും.ഏഴുകോടി രൂപയുടെ സ്വർണവും തൊണ്ണൂറ്റിയാറായിരം രൂപയുമാണ് സംഘം കവർന്നത്. രാവിലെ പത്ത് മണിയ്ക്ക് ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കൊളള നടത്തിയത്. മാനേജറെ ഉൾപ്പടെ കെട്ടിയിട്ടായിരുന്നു കവർച്ച. സെക്യൂരിറ്റിയെ ഉൾപ്പടെ തോക്കിൻമുനയിൽ നിർത്തിയശേഷമായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.