ബന്ധുവിന് സീറ്റ് ചോദിച്ച് കെ.വി. തോമസ് ;ആശങ്കക്കിടയിലും. വഴങ്ങേണ്ടെന്ന് കോണ്‍ഗ്രസ്, പാര്‍ട്ടി
വിടുമോയെന്ന് നാളെയറിയാം
കൊച്ചി: കോണ്‍ഗ്രസിന്റെ എറണാകുളത്തെ പ്രമുഖ നേതാക്കളില്‍ ഒരാളായ കെ.വി. തോമസ് പാര്‍ട്ടി വിടുമോ എന്ന നാളെയറിയാം. ഇടതുമുന്നണിയില്‍ ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടയില്‍ തീരുമാനം നാളെ രാവിലെ പ്രഖ്യാപിക്കുമെന്ന് കെ.വി. തോമസ് കൊച്ചിയില്‍ പറഞ്ഞു. അതേസമയം തോമസിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ പരസ്യ നിലപാടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊച്ചിയിലും എറണാകുളത്തും തിരിച്ചടി നേരിടുമോ എന്ന ആശങ്കയുമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് പാര്‍ട്ടി നേതൃത്വവും കെ വി തോമസും തമ്മിൽ തെറ്റിയത്. കോണ്‍ഗ്രസ് ഹൈക്കമാന്റുമായും സംസ്ഥാന നേതൃത്വവുമായും ഇടഞ്ഞു നില്ക്കുന്ന കെ.വി. തോമസ് നാളെ രാവിലെ 11 മണിക്ക് നിലപാട് പറയാം എന്നാണ് മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. അതിനിടയില്‍ അനുനയ നീക്കങ്ങളും കോണ്‍ഗ്രസില്‍ തുടങ്ങിയിട്ടുണ്ട്. ഇക്കാര്യവുമായി തന്നെ സമീപിച്ച നേതാക്കളോട് അടുത്ത ബന്ധവായ വനിതയ്ക്ക് സീറ്റ് നല്‍കണമെന്ന് കെ.വി. തോമസ് ആവശ്യപ്പെട്ടതായിട്ടാണ് വിവരം.
എന്നാല്‍ ഈ ആവശ്യം പരിഗണിക്കേണ്ട എന്നതാണ് കോണ്‍ഗ്രസിന്റെ നിലവിലെ തീരുമാനം. ഇത്തവണയും കെ.വി. തോമസിനെ പരിഗണിക്കില്ലെന്നായതോടെ ഇടതുമുന്നണി കെ.വി. തോമസിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. സിപിഎം എറണാകുളം ജില്ലാക്കമ്മറ്റി തോമസിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. നേരത്തേ മുതിര്‍ന്ന നേതാവിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം, നിയമസഭാ തെരഞ്ഞെടുപ്പ് സമിതിയിലെ അംഗത്വം എന്നിവ ഹൈക്കമാന്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും കെ.വി. തോമസ് അതിന് വഴങ്ങിയിട്ടില്ല.
ഇതിനിടയിലാണ് തന്റെ അടുത്ത ബന്ധുവിന് സീറ്റ് നല്കുന്ന കാര്യം കെ.വി. തോമസ് ആവശ്യപ്പെട്ടിരിക്കുന്നതും. എന്നാല്‍ ഈ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. കെ.വി. തോമസ് ഇടഞ്ഞു നില്‍ക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തും കൊച്ചിയിലും തിരിച്ചടിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടു സീനിയര്‍ നേതാക്കളെ കൊണ്ടു പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഏകോപന സമിതി അധ്യക്ഷനായ ഉമ്മൻ ചാണ്ടി തന്നെ രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കേരളത്തില്‍ എത്തുമ്പോള്‍ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തിന് എത്തണമെന്ന നേരത്തേ കെ.വി. തോമസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കൊച്ചിയിൽ മറ്റു കാര്യങ്ങളുടെ തിരക്ക് ചൂണ്ടിക്കാട്ടി എത്തില്ലെന്നാണ് കെ.വി. തോമസ് നല്കിയ പ്രതികരണം. അതേസമയം നാളെ നാളെ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിൽ പാര്‍ട്ടിയെ നേരിട്ട് വിമര്‍ശിക്കില്ലെന്ന് നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയിണ്ട്.