ഭക്ഷ്യകമ്മീഷന് പൊതുജനസമ്പര്‍ക്ക പരിപാടി: സംസ്ഥാനതല ഉദ്ഘാടനം ജനുവരി 27-ന് കാസർകോട്ട്
കാസർകോട് :’ഭക്ഷണം ഔദാര്യമല്ല അവകാശമാണ്’ എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യകമ്മീഷന് സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ശില്പശാലയുടെയും പൊതുജനസമ്പര്‍ക്ക പരിപാടിയുടെയും സംസ്ഥാനതല ഉദ്ഘാടനം ജനുവരി 27-ന് രാവിലെ 10.30 മണിക്ക് കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് അദ്ധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. മുഖ്യതിഥിയായിരിക്കും. ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തില്‍ അവബോധം ഉണ്ടാക്കുന്നതിന് രാവിലെ 11 മണിക്ക് ശില്പശാല നടക്കും. പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനായി നഗരസഭാ ഹാളിന് പുറത്ത് ഉച്ചയ്ക്ക് 2.30 മുതല്‍ ഹെല്‍പ്പ് ഡെസ്കും പ്രവര്‍ത്തിക്കും. റേഷന്‍ വിതരണം, റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം, സ്കൂള്‍/അങ്കണവാടി ഭക്ഷണ വിതരണം, പട്ടികവര്‍ഗ്ഗ മേഖലയിലെ റേഷന്‍/റേഷന്‍ കാര്‍ഡ് എന്നിവ സംബന്ധിച്ച പരാതികള്‍ ഹെല്‍പ്പ് ഡെസ്കില്‍ സ്വീകരിക്കും.