ചന്ദനം പൂശിയ മെയ്യഴകിനെപ്പറ്റി എത്രയോ കവികൾ എത്ര വാഴ്ത്തി പാടിയിരിക്കുന്നു. ശരീര സുഗന്ധം നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമാണ് അത് കൊണ്ട് തന്നെ സൗന്ദര്യം എന്നത് കാഴ്ചക്കുമപ്പുറം സുഗന്ധം കൂടി ചേരുമ്പോഴേ പൂർണ്ണമാകൂ. പറഞ്ഞു വരുന്നത് വിയർപ്പ് നാറ്റത്തെക്കുറിച്ചാണ്. വിയർപ്പിന്റെ ദുർഗന്ധം മൂലം നിങ്ങളുടെ സമീപത്ത് ഒരാൾക്ക് നിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ കാഴ്ചയിലെ സൗന്ദര്യംകൊണ്ടെന്ത് കാര്യം.
ബസ്സിൽ യാത്ര ചെയ്യുമ്പോൾ നമ്മളിൽ പലരും അനുഭവിച്ചിട്ടുണ്ടാകും തൊട്ടടുത്തിരിക്കുന്നയാളുടെ കക്ഷത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധം. പലപ്പോഴും ബസ്സിൽ നിന്ന് യാത്ര ചെയ്യുമ്പോഴായിരിക്കും ഇതിന്റെ പ്രശ്നം രൂക്ഷമാകുന്നത്. വീഴാതിരിക്കാൻ മുകളിലത്തെ പിടിയിൽ കൊപൊക്കി പിടിച്ചിരിക്കുന്നവരുടെ കക്ഷത്തിൽ നിന്ന് വരുന്ന ദുർഗന്ധം കാരണം മൂക്കടച്ചിരിക്കാറായിരിക്കും പലരും.
നിങ്ങൾക്കും ഉണ്ടാകും, നന്നായി ജോലി ചെയ്ത് കഴിഞ്ഞോ അതല്ലെങ്കിൽ കളിച്ചു കഴിഞ്ഞോ വിയർത്ത ശേഷം ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ദുർഗന്ധം കാരണം പലരുടെയും മുമ്പിൽ ചെന്ന് നിൽക്കാൻ തന്നെ മടിയായിരിക്കും. പരിപാടികൾക്കോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും സൽക്കാരങ്ങൾക്കോ പോയാൽ ഇത്തരത്തിൽ വിയർപ്പിന്റെ ഗന്ധം കാരണം തൊട്ടടുത്ത് നിൽക്കുന്നയാളോട് സംസാരിക്കാൻ മടിക്കുന്നവരായിരിക്കും പലരും.
ശരീരത്തിന് സുഗന്ധം നൽകാൻ പലതരം പെർഫ്യൂമുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ, ഇതുകൊണ്ട് ഏറിയാൽ കുറച്ച് മണിക്കൂറുകൾ മാത്രമേ സുഗന്ധം നിലനിൽക്കുകയുള്ളു. നല്ല ശരീര സുഗന്ധത്തിന് വേണ്ടത് പെർഫ്യൂമുകളോ സെന്റുകളോ അല്ല, നല്ല കുറച്ച് ശീലങ്ങളാണ്. ആ നല്ല ശീലങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. ശരീര സുഗന്ധത്തിനായി ചെയ്യേണ്ട ഏറ്റവും സുപ്രധാനമായ കാര്യം ശരീരത്തിന്റെ വൃത്തി തന്നെയാണ്.കയ്യിടുക്കുകൾ ഏപ്പോഴും ശുദ്ധമായ വെള്ളമോ ആന്റി ബാക്റ്റീരിയൽ സോപ്പ്, ഡിയോഡറന്റ് സോപ്പ് എന്നിവയോ ഉപയോഗിച്ചു കഴുകണം. ആര്യവേപ്പിലയും ശരീര സുഗന്ധം നൽകുന്നതിന് വളരെ നല്ലതാണ്. ആര്യവേപ്പിലയുടെ നീര് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുളിക്കുന്നതും വേപ്പിലയുടെ നീര് ചേർത്ത വെള്ളത്തിൽ ഒരു ടവ്വൽ മുക്കി കയ്യിടുക്കുകളിൽ പുരട്ടുന്നതും നല്ലതാണ്.
ശരീരത്തിലെ ദുർഗന്ധത്തെ സ്വാഭാവികമായി ഇല്ലാതാക്കുന്ന ഒരുത്തമ ഔഷധമാണ് തേൻ. കുളികഴിഞ ശേഷം ഇളം ചൂടുവെള്ളത്തിൽ തേൻ കലർത്തി ഇത് ദേഹത്ത് പുരട്ടുന്നത് ശരീര സുഗന്ധം വർധിപ്പിക്കൻ സഹായിക്കും. നാരങ്ങയും ഇത്തരത്തിൽ സ്വാഭാവികമായ മറ്റൊരൗഷധമാണ്. വിയർപ്പിനെ നിയന്ത്രിക്കുന്നതിനോടൊപ്പം കക്ഷത്തിലെ ഇരുണ്ട നിറം നീക്കം ചെയ്യാനും നാരങ്ങ സഹായകമാണ്. കോട്ടൻ വസ്ത്രങ്ങൽ ഉപയോഗിക്കുന്നതും ഒരു പരിധിവരെ വിയർപ്പിന്റെ പ്രശ്നങ്ങൽ ഇല്ലാതാക്കാൻ സഹായിക്കും.