ഇനി ഒന്നിനും മദ്യം സുലഭം,ബാറുടമകളുടെ സംഘടന നിവേദനം നല്കി ‘ഡ്രൈ ഡേ’ മാറ്റിയേക്കും
കോട്ടയം: ഒന്നാം തീയതികളിലെ മദ്യവില്‍പ്പന നിരോധനം പിന്‍വലിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. ബാറുടമകളുടെ സംഘടന നിവേദനം നല്‍കിയതിന്റെ ചുവടുപിടിച്ച് സര്‍ക്കാര്‍ എക്സൈസ് വകുപ്പിന്റെ അഭിപ്രായം തേടി. എക്സൈസ് പൊതുവേ അനുകൂലമാണെന്നും നിയമസഭാ സമ്മേളനം തീരുന്നതിനു മുമ്പ് ഡ്രൈഡേ പിന്‍വലിക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നുമാണു സൂചന. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുകയെന്ന ഉദ്ദേശ്യം ഫലിക്കുന്നില്ലെന്നു ബാറുടമകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒന്നാം തീയതികളില്‍ മദ്യം കിട്ടാത്തതിനാല്‍ പലരും തലേന്നുതന്നെ മദ്യം വാങ്ങിവയ്ക്കും. ഡ്രൈഡേകളില്‍ മദ്യത്തിന്റെ ഉപയോഗം കൂടുതലാണെന്ന് എക്സൈസ് വകുപ്പും വ്യക്തമാക്കുന്നു. ഇതാണു വില്‍പ്പന നിരോധനം പിന്‍വലിക്കുന്നതിനുള്ള കാരണമായി പറയുന്നത്.
അടച്ചിട്ടിരുന്ന ബാറുകള്‍ തുറക്കുന്നതിനെതിരേ നിരന്തരം സമരം സംഘടിപ്പിച്ച കെ.സി.ബി.സിയുടെ സമീപനം തണുത്തതും സര്‍ക്കാര്‍ അവസരമാക്കുന്നു. നേരത്തേ നിരന്തരം സമരത്തിലായിരുന്ന അവര്‍ പക്ഷേ, മുഴുവന്‍ ബാറുകളും തുറന്നപ്പോഴും പുതുതായി ബാറുകള്‍ അനുവദിച്ചപ്പോഴും പ്രത്യക്ഷസമരത്തിന് ഇറങ്ങിയില്ല. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ മുഴുവന്‍ ബാറുകളും ഇടതു സര്‍ക്കാര്‍ തുറന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ 37 ബാറുകള്‍ക്കു പുതുതായി അനുമതി നല്കി. ഈ മാസം 15 ബാറുകള്‍ക്കു കൂടി പ്രവര്‍ത്തനാനുമതി നല്‍കും. മുഴുവന്‍ മാനദണ്ഡങ്ങളം പാലിക്കുന്നവര്ക്കാണു ബാര്‍ ലൈസന്‍സ് നല്‍കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. കോവിഡ് വ്യാപനത്തിന്റെ പേരില്‍ കഴിഞ്ഞ മാര്‍ച്ചില്‍ അടച്ച ബാറുകള്‍ ബാറുകള്‍ പിന്നീടു ഡിസംബര്‍ 22-നാണു പ്രവര്‍ത്തനം തുടങ്ങിയത്. ക്ലബുകള്‍, കള്ളുഷാപ്പുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.