മംഗളൂരുവില്‍ ബസ് യാത്രക്കിടെപീഡിപ്പിക്കാന് ശ്രമിച്ചയാളുടെ ഫോട്ടോയെടുത്ത് യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു;പൊലീസ് അന്വേഷണത്തില്‍ കുടുങ്ങിയത് കാസര്‍കോട് പെര്‍ള സ്വദേശി
പെര്‍ള: മംഗളൂരുവില്‍ ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഞരമ്പ് രോഗിയുടെ ഫോട്ടോയെടുത്ത് യുവതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു. തുടര്‍ന്ന് യുവതി നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കാസര്‍കോട് സ്വദേശിയാണെന്ന് തിരിച്ചറിയുകയും പിടിയിലാവുകയുമായിരുന്നു. കാസര്‍കോട് പെര്‍ളയിലെ ഹുസൈനെ(41)യാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മംഗളൂരുവില്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഹുസൈന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ദേര്‍ലക്കട്ടയിലെ സ്വകാര്യമെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ നിന്നാണ് യുവതി ബസില്‍ കയറിയത്. യുവതി സീറ്റില്‍ ഇരുന്നതോടെ ബസിലുണ്ടായിരുന്ന ഹുസൈനും അരികിലിരുന്ന് ഉപദ്രവം ആരംഭിക്കുകയായിരുന്നു. ഇതിനെതിരെ യുവതി പ്രതികരിച്ചതോടെ ബസില്‍ നിന്നിറങ്ങിയ ഹുസൈന് മറ്റൊരു വാഹനത്തില്‍ കയറി ബസിനെ പിന്തുടരുകയും മൂന്ന് സ്റ്റോപ്പുകള്‍ പിന്നിട്ടപ്പോള്‍ ഈ ബസില്‍ വീണ്ടും കയറുകയും ചെയ്തു. ശല്യം തുടര്‍ന്നതോടെ യുവതി ഹുസൈന്റെ ഫോട്ടോയെടുത്ത് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുള്ള കുറിപ്പ് സഹിതം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മംഗളൂരു പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം പാണ്ഡേശ്വരം വനിതാ സ്റ്റേഷനിലേക്ക് കൈമാറുകയാണുണ്ടായത്. മംഗളൂരു പൊലീസ് കമ്മീഷണര്‍ ശശികുമാറാണ് ഈ കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. യാത്രക്കാരന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന കാര്യം ബസ് ജീവനക്കാരോടും സഹയാത്രികരോടും അറിയിച്ചിട്ടും ആരും ഇടപെട്ടില്ലെന്നാണ് യുവതി പറയുന്നത്. ദേര്‍ലക്കട്ട മുതല്‍ പമ്പുവെല്‍ വരെയാണ് യുവതി യാത്ര ചെയ്തിരുന്നത്. അറസ്റ്റിലായ പ്രതിയെ വ്യാഴാഴ്ച വൈകിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയപ്പോള്‍ രോഷാകുലയായ യുവതി പൊലീസ് കമ്മീഷണറുടെ മുന്നില്‍വെച്ച് പ്രതിയുടെ കരണത്തടിച്ചു