രഹ്നഫാത്തിമയും , മനോജ് ശ്രീധറും വേര്‍പിരിഞ്ഞു ; ജീവിതത്തിൽ എപ്പോഴെങ്കിലും അവരവരോട് തന്നെ നീതി പുലർത്തണമെന്ന് മനോജ്
തിരുവനന്തപുരം : ശബരിമലയിൽ ആചാര ലംഘനം നടത്താൻ ശ്രമിച്ച രഹ്ന ഫാത്തിമയും ,പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു . 17 വർഷമായി ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നുവെന്നും , ജീവിതത്തിൽ അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ടെന്നും മനോജ് ശ്രീധർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
ജീവിതത്തിൽ എപ്പോഴെങ്കിലും അവരവരോട് തന്നെ നീതി പുലർത്തണം. സന്തുഷ്ടരായ മാതാ പിതാക്കൾക്കേ കുട്ടികളോടും നീതിപൂർവ്വം പെരുമാറാൻ സാധിക്കൂ. കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണ്, കാരണം അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും, സാമൂഹിക ഉത്തരവാദിത്വങ്ങളും കെട്ട് പിണഞ്ഞു കിടക്കുന്ന ഒരിടമാണത്.
രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാൻ പരിമിതികൾ നിലനിന്നിരുന്നു. രണ്ട് വ്യക്തികൾക്ക് ഇടയിൽ പരസ്പരം ഒന്നിച്ചു ജീവിക്കാൻ എടുക്കുന്ന തീരുമാനം പോലെ തന്നെ പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട്. കുട്ടികളുടെ കാര്യങ്ങൾ ഉൾപ്പെടെയുള്ള കൂട്ട് ഉത്തരവാദിത്വം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി.
ബന്ധം പിരിയുന്നു എന്ന് പറയുമ്പോൾ അവിടെ പാർട്ണർഷിപ് പിരിയുന്നു പരസ്പരമുള്ള അധികാരങ്ങൾ ഇല്ലാതാകുന്നു എന്ന് മാത്രമാണ് തങ്ങൾ മന:സ്സിലാക്കുന്നത്. കുടുംബം എന്ന സങ്കൽപ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികൾ എന്ന ആശയത്തിന് നിലനിൽപ്പില്ല. ഭാര്യ – ഭർത്താവ്, ജീവിത പങ്കാളി ഈ നിർവ്വചനങ്ങളിൽ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയിൽ നിന്ന് പരസ്പരം മോചിപ്പിക്കാൻ അതിൽ ബന്ധിക്കപ്പെട്ടവരുടെ ഇടയിൽ ധാരണ ഉണ്ടായാൽ മതി.
ഒരുമിച്ച് താമസ്സിച്ച് നിർവ്വഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്വങ്ങളൊന്നും ഇപ്പോൾ തങ്ങളുടെ ചുമലിലില്ലെന്നും മനോജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കുട്ടികൾക്കു മുൻപിൽ നഗ്നതാപ്രദർശനം നടത്തിയ കേസിൽ രഹ്നാ ഫാത്തിമയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു . പിന്നാലെ ബിഎസ് എൻ എൽ ക്വാർട്ടേഴ്സ് ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു . അച്ചടക്ക ലംഘനങ്ങളുടെ ഭാഗമായി ബി.എസ്.എന്‍.എല്‍. നേരത്തേ രഹ്നയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. രഹ്ന ഫാത്തിമ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനു കോടതി വിലക്കും ഏർപ്പെടുത്തിയിരുന്നു