മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാനത്തൂരിലെ 6 വയസ്സുകാരന്റെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം ; മാതാപിതാക്കള്‍ നഷ്ടപ്പെട്ട കാനത്തൂരിലെ 6 വയസ്സുകാരന്റെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ കെ കുഞ്ഞിരാമന് എംഎല്‍എയെ അറിയിച്ചു. എംഎല്‍എ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അമ്മയുടെ സഹോദരന്റെ സംരക്ഷണത്തിലാണ് കുട്ടി ഇപ്പോള്‍ കഴിയുന്നത്. ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നിന്നും ജീവനക്കാര്‍ സന്ദര്‍ശിച്ച് ദുരന്തം നേരിട്ട് കണ്ട കുട്ടിക്ക് പ്രാഥമിക കൗണ്‍സിലിങ്ങ് നല്‍കിയിട്ടുണ്ട്. തുടര്‍ന്നും മാനസിക പരിചരണത്തിനുള്ള നടപടി സ്വീകരിക്കും. കുട്ടിയുടെ തുടര്‍ സംരക്ഷണം സംബന്ധിച്ച നടപടികള്‍ പരിശോധിച്ചതിന് ശേഷം സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം നല്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടിയെ സംരക്ഷിക്കുമെന്ന് മന്ത്രി മറുപടി നല്കി.