കമറുദ്ദീനെയും പൂക്കോയ തങ്ങളെയും വിശ്വസിച്ചു, പക്ഷേ ചതിക്കുകയായിരുന്നു , ഇ ഡി യോട് തുറന്നുപറഞ്ഞ് പാലക്കൽ അഷ്റഫിന്റെ മൊഴി
കാസർകോട്∙ എം.സി.കമറുദ്ദീന് എംഎല്‍എയും പൂക്കോയ തങ്ങളും പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുക മാത്രമാണുണ്ടായതെന്ന് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടര്‍ പാലയ്ക്കല്‍ അഷ്റഫ്. കമറുദ്ദീന്റെ രാഷ്ട്രീയ സ്വാധീനം നിക്ഷേപം വിപുലപ്പെടുത്താന്‍ പ്രയോജനപ്പെടുത്തിയെന്നും അഷ്റഫ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമേ മലബാറിലെ കൂടുതല്‍ ഇടങ്ങളിലേക്ക് ജ്വല്ലറി വികസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
തട്ടിപ്പില്‍ യാതൊരുവിധ പങ്കുമില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണം ജ്വല്ലറിയുടെ നടത്തിപ്പിനായി നിക്ഷേപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും ഫാഷന്‍ ഗോള്‍ഡിന്റെ ശാഖകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എം.സി.കമറുദ്ദീന്റെ സ്വാധീനം പലപ്പോഴും കൂടുതല്‍ നിക്ഷേപമെത്തുന്നതിന് സഹായിച്ചു. സാമ്പത്തിക ഭദ്രതയും രഹസ്യ സ്വഭാവവും ഉറപ്പ് നല്‍കിയാണ് ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും അഷ്റഫ് പറഞ്ഞു.
ഫാഷൻ ഗോൾഡ് തട്ടിപ്പില്‍ ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാൻ ഇഡി
ഡയറക്ടര്‍മാരില്‍ പലര്‍ക്കും ജ്വല്ലറി വ്യവസായത്തെക്കുറിച്ച് കൂടുതല്‍ അറിവുണ്ടായിരുന്നില്ല. മുഴുവന്‍ കാര്യങ്ങളും നിയന്ത്രിച്ചത് ചെയര്‍മാനും മാനേജിങ് ഡയറക്ടറും ചേര്‍ന്നായിരുന്നു. ജ്വല്ലറി നിക്ഷേപം തകര്‍ന്നതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. റിയല്‍ എസ്റ്റേറ്റിലുള്‍പ്പെടെ പണം നിക്ഷേപിച്ചിട്ടുണ്ടെന്നത് ഡയറക്ടര്‍മാരില്‍ പലരെയും അറിയിച്ചിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പലര്‍ക്കും സ്വന്തം നിലയില്‍ പണം തിരികെ നല്‍കേണ്ട അവസ്ഥയാണെന്നും അഷ്റഫ് വ്യക്തമാക്കി.
ബാങ്ക് ഇടപാട് രേഖകളും സ്വത്ത് വിവരങ്ങളും ഇഡിക്ക് കൈമാറി. 22 പേര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ നോട്ടിസ് അയച്ചിരുന്നത്. മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തില്ലെന്ന കാരണത്താല്‍ നോട്ടിസ് മടങ്ങിയിരുന്നു. പിന്നാലെയാണ് ആദ്യമായി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇഡിക്ക് മുന്നിലെത്തിയത്. എം.സി.കമറുദ്ദീന് ജയിലിലായതിനാല്‍ ചോദ്യം ചെയ്യുന്ന സമയം തീരുമാനിച്ചിട്ടില്ല.