നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനക്ക് തയ്യാര്‍, സുപ്രീം കോടതിയോട് സിദ്ദിഖ് കാപ്പന്
ന്യൂഡല്‍ഹി : നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനയുള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയ്യാറാണെന്ന് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പന്. തന്റെ ബാങ്ക് അക്കൗണ്ടിന്റെ എല്ലാ വിശദാംശങ്ങളും കൈമാറാമെന്നും സിദ്ദിഖ് കാപ്പന് സുപ്രീം കോടതിയെ അറിയിച്ചു. സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേരള പത്ര പ്രവര്‍ത്തക യൂണിയന് നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
നാര്‍കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, നുണ പരിശോധന തുടങ്ങി ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാന്‍ തയ്യാറാണെന്ന് സുപ്രീം കോടതിയെ അറിയിക്കാന്‍ അഭിഭാഷകനായ വില്‍സ് മാത്യുവിനെ സിദ്ദിഖ് കാപ്പന് ചുമതലപ്പെടുത്തിയിരുന്നു. യൂണിയന്റെ ഡല്‍ഹി ഘടകം പ്രസിഡന്റ് സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സിദ്ദിഖ് കാപ്പന്റെ അറസ്റ്റും, മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ നിയമം ദുരുപയോഗം ചെയ്ത് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യൂണിയന് ആവശ്യപെട്ടിടുണ്ട്. സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെ കുറിച്ച് അയച്ച കത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇത് വരെ മറുപടി നല്‍കിയിട്ടില്ലെന്നും മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറി എന്നാണ് സിദ്ദിഖ് കാപ്പനെ ആദ്യ സത്യവാങ്മൂലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിശേഷിപ്പിച്ചരുന്നത്. എന്നാല്‍ പിന്നീട് നല്കിയ സത്യവാങ്മൂലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികളുമായി ബന്ധമുള്ളയാള്‍ എന്നാക്കി. മാധ്യമ പ്രവര്ത്തകന് എന്ന നിലയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി ഉള്ള ബന്ധത്തിനപ്പുറം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഒരു ബന്ധവും സിദ്ദിഖ് കാപ്പനില്ലെന്നും യൂണിന്റെ മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ഒരു വിജിലന്‍സ് അന്വേഷണവും നേരിടുന്നില്ല : കേരള പത്ര പ്രവര്‍ത്തക യൂണിയന്
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നത് പോലെ ഒരു വിജിലന്‍സ് അന്വേഷണവും തങ്ങള്‍ക്കെതിരെ ആരംഭിച്ചിട്ടില്ല എന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഒരു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇത് കോടതി തള്ളിയിരുന്നു. അതിനെതിരെ നല്കിയ പുനഃപരിശോധന ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും മറുപടി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തൃശൂരില്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ ദേവസ്വം ഭൂമി കൈയേറി എന്ന കേസില്‍ പത്രപ്രവര്‍ത്തക യൂണിയന് ബന്ധമില്ലെന്നും മറുപടി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേവസ്വം ഭൂമി കൈയേറി എന്ന ആരോപണം നേരിടുന്ന സംഘടനയാണ് കേരള പത്രപ്രവര്‍ത്തക യൂണിയന് എന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ മാസം ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും സംഘടന അല്ല കേരള പത്രപ്രവര്‍ത്തക യൂണിയന് എന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട്. മറ്റൊരു സംഘടന കൂടി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇത് ഏത് സംഘടനയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.